Author: നാരായണന്‍ പേരിയ
ശാരീരികമായ അവശതയുള്ളവര്‍ക്ക് പരസഹായം വേണ്ടിവരും. അവശതമാറിയാലോ? പരസഹായം ഒഴിവാക്കാം; ഒഴിവാക്കണം. സാമൂഹ്യമായ അവശതയുടെ കാര്യവും ഇങ്ങനെ തന്നെ.
പിന്നോക്കവിഭാഗത്തിന് സര്‍ക്കാര്‍ ജോലികളില്‍ സംവരണം. പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നേടത്തോളം മാത്രം. ആ അവസ്ഥ മാറി മുന്നോക്കമെത്തിയാല്‍പ്പിന്നെ സംവരണാനുകൂല്യം നല്‍കാന്‍ പാടില്ല. സംവരണത്തിന് അര്‍ഹതയുണ്ടായിരുന്നു ഒരു കാലത്ത്. കാലാന്തരത്തില്‍ അത് മാറിയോ? പ്രത്യേക പരിഗണന നല്‍കിയതിന്റെ ഫലമായി അവശത നീങ്ങിയോ? ഇടയ്ക്കിടെ, നിശ്ചിത കാലയളവില്‍, പരിശോധിക്കണം. പിന്നോക്കാവസ്ഥയില്‍ നിന്ന് മുന്നോട്ട് പോയെങ്കില്‍ അവരെ പട്ടികയില്‍ നിന്ന് നീക്കണം. അവര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന, വിശേഷ പരിഗണനയിലുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കണം; അത് കൂടി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് നല്‍കണം. അവര്‍ക്ക് അത് കൂടുതല്‍ ഗുണം ചെയ്യും. ആനുകൂല്യം കൂടുതല്‍ പേര്‍ക്ക് ലഭ്യമാകും.
സംവരണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അമ്പത് ശതമാനം സംവരണം. അതില്‍ അധികമാകാന്‍ പാടില്ല എന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എല്ലാ പിന്നോക്ക വിഭാഗങ്ങള്‍ക്കും ന്യായമായ അളവില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകണം. സംവരണാര്‍ഹരുടെ പട്ടിക കൃത്യമായ കാലയളവില്‍, ഇടവേളകളില്‍, പരിശോധിക്കണം; വിലയിരുത്തണം. ആവശ്യമെന്നു കാണുന്ന മാറ്റങ്ങള്‍ വരുത്തണം.
എന്നാല്‍ 1992-ല്‍ പരമോന്നത നീതിപീഠം അനുശാസിച്ചിട്ടും, വ്യക്തമായ ഉത്തരവ് ഉണ്ടായിട്ടും സര്‍ക്കാര്‍ നടപ്പാക്കിയില്ല എന്ന് ആരോപണം. ഒരു പിന്നോക്ക വിഭാഗത്തിന് മാത്രമായി ലഭിക്കത്തക്ക വിധത്തില്‍ ഒതുക്കി എന്ന് അഡ്വക്കറ്റ് ഹാരിസ് ബീരാന്‍ എം പി സുപ്രീംകോടതിയില്‍ പറഞ്ഞു എന്ന് പത്രവാര്‍ത്ത. (മാതൃഭൂമി 10-12-24) എഴുപത്തഞ്ചു വര്‍ഷമായി ഇത് (അന്യായമായ ഈ നടപടി) തുടരുന്നു എന്നും. എഴുപത്തഞ്ച് വര്‍ഷം എന്ന് പറയുമ്പോള്‍, 1949 മുതല്‍ എന്ന് മനസ്സിലാക്കണം. അതായത് ഇന്ത്യ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കും മുമ്പുതന്നെ! ഭരണഘടനയുടെ കരട് രൂപം എഴുതിത്തയ്യാറാക്കി പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിന് മുമ്പ് തന്നെ! പ്രഖ്യാത നീതിജ്ഞന്‍ ഡോ. അംബേദ്ക്കറുടെ കാലത്ത്. ആ അന്യായം ഇപ്പോളും നിലനില്‍ക്കുന്നു; തുടരുന്നു. അഡ്വ. ഹാരിസ് ബീരാന്‍ കോടതി മുമ്പാകെ ബോധിപ്പിച്ചത് അതാണ്.
കേരളത്തില്‍, ഒരു പിന്നോക്ക വിഭാഗം സംവരണാനുകൂല്യം കുത്തകയാക്കിവെച്ചു കൊണ്ടിരിക്കുന്നു. മറ്റുള്ളവര്‍ക്ക് നിഷേധിക്കുന്നു. പട്ടിക പുതുക്കാത്തതിന്റെ കാരണം കേരളാ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചു വരുത്തി സുപ്രീംകോടതി അന്വേഷിക്കണം എന്നാണ് അഡ്വക്കെറ്റ് ആവശ്യപ്പെട്ടത്.
1992-ല്‍ ഇന്ദിരാ സാഹ്നിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി സംവരണാര്‍ഹരുടെ പട്ടിക കൃത്യമായ ഇടവേളകളില്‍ അലോകനം ചെയ്യണമെന്നും, പിന്നോക്കാവസ്ഥ മറി കടന്ന വിഭാഗങ്ങളെ ഒഴിവാക്കി പകരം പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചത്. എന്നാല്‍ അത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോഴും ഈ നിര്‍ദ്ദേശം നടപ്പാക്കുന്നില്ല എന്നാണ് ആരോപണം (എഴുപ്പത്തഞ്ച് കൊല്ലം, മൂന്ന് പതിറ്റാണ്ടോ?) മൈനോറിറ്റി ഇന്ത്യന്‍സ് സ്പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി കെ ബീരാന്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് അഡ്വ. ഹാരീസ് ബീരാന്‍ ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ഹാജരാകുന്നുണ്ടെന്നും അദ്ദേഹം എന്ത് പറയുന്നു എന്ന് കേള്‍ക്കാമെന്നും (അതായത് കേരള സംസ്ഥാനത്തിന്റെ നിലപാട്) സുപ്രീംകോടതി അറിയിച്ചു. കേന്ദ്രത്തിനു വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ സോളി സിറ്റര്‍ ജനറല്‍ കെ.എം നടരാജന്റെ അസൗകര്യം കാരണം, ഹര്‍ജി പരിഗണിക്കുന്നത് ജനുവരി രണ്ടാം വാരത്തിലേക്കു മാറ്റി. അന്തിമ വിധിക്കു കാത്തിരിക്കാം.
ഇവിടെ തല്‍ക്കാലം പ്രശ്നം മറ്റൊന്നാണ്: അഡ്വ. ബീരാന്റെ ആരോപണം. എഴുപത്തഞ്ചു കൊല്ലമായി ഒരന്യായം ഇവിടെ നിലനില്‍ക്കുന്നു. ഒരു പിന്നോക്ക വിഭാഗം സംവരണാനുകൂല്യങ്ങള്‍ കൈയടക്കി വയ്ക്കുന്നു. സുപ്രിം കോടതിയെപ്പോലും ധിക്കരിച്ചുകൊണ്ട്. എവിടെയെങ്കിലും ഒരു ചെറുകാറ്റ് വീശിയാല്‍, ഒരു പുല്‍ക്കൊടി ചലിച്ചാല്‍, പൊതുതാല്‍പര്യഹര്‍ജിയുമായി കോടതിയിലേക്കോടുന്ന അഭിഭാഷകര്‍-അഡ്വ ഹാരിസ് ബീരാനടക്കം-ഈ അന്യായം അവഗണിച്ചുവോ! അഡ്വ. ബീരാന്‍ എം.പിയാണല്ലോ. അദ്ദേഹത്തെ പാര്‍ലിമെന്റംഗമാക്കിയ രാഷ്ട്രീയ പാര്‍ട്ടി, കഴിഞ്ഞ എഴുപത്തഞ്ചു കൊല്ലക്കാലത്ത് എന്തു ചെയ്യുകയായിരുന്നു. ആ പാര്‍ട്ടിയുടെയും അത് ഉള്‍ക്കൊള്ളുന്ന മുന്നണിയുടെയും നിലപാട് എന്താണ്? ആ വലിയ ദേശീയപ്പാര്‍ട്ടിയും രാജ്യഭരണം കൈയ്യാളിയിട്ടുണ്ടല്ലോ. കുംഭകര്‍ണ്ണനെ അനുകരിച്ചോ എല്ലാവരും ഇക്കാലമത്രയും?
പ്രശസ്ത തമിഴ് നോവലിസ്റ്റ് ജയകാന്തന്റെ നോവല്‍: ‘ചില നേരങ്കളില്‍ ചില മനിതര്‍കള്‍’! അതെ, ചില നേരങ്ങളിലേ ചിലര്‍ക്ക് ന്യായബോധം ഉദിക്കുകയുള്ളു!