കുമ്പള: മാരകമായ ലഹരി മരുന്നുകളുടെ ഉപയോഗങ്ങളില്‍ യുവജനങ്ങളെ ബോധവല്‍ക്കരണം നടത്തുന്നതില്‍ കായിക മത്സരങ്ങള്‍ക്ക് ഏറെ പ്രസക്തി ഉണ്ടെന്ന് ഡിവൈ.എസ്.പി സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവന്റെ ഭാഗമായി കുമ്പള ജെകെ കബഡി അക്കാദമിയില്‍ സംഘടിപ്പിച്ച കബഡി മത്സരം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുകയും ചെയ്യുന്ന പ്രവണതയാണ് യുവാക്കള്‍ക്കിടയില്‍ കണ്ടു വരുന്നതെന്നും, അത്തരം കാര്യങ്ങള്‍ ആരോഗ്യപരമായ കാര്യങ്ങളെ ഏറെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎ സൈമ അധ്യക്ഷത വഹിച്ചു.
പ്രമുഖ കബഡിതാരം ജഗദീഷ് കുമ്പള മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യസമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള, മധുര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഉമേഷ് ഘട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ, സുകുമാരന്‍ കുതിരപ്പടി, കുമ്പള ഗ്രാമപഞ്ചായത്ത് അംഗം മോഹനന്‍, കെവി യൂസഫ്, കാദര്‍ സംസാരിച്ചു. പീതാംബരന്‍ സ്വാഗതവും, സുനില്‍ നന്ദിയും പറഞ്ഞു.
