ന്യൂഡൽഹി: വിഖ്യാത തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ മരണപ്പെട്ടു എന്ന വാർത്ത തെറ്റ് എന്ന് ബന്ധുക്കൾ. അതേസമയം ഗുരുതരാവസ്ഥയിൽ ആണെന്നും പ്രാർത്ഥിക്കണം എന്നും ബന്ധുക്കൾ അഭ്യർത്ഥിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സാക്കിർ ഹുസൈൻ. സാക്കിർ ഹുസൈൻ മരിച്ചെന്ന് കേന്ദ്ര സർക്കാരും വാർത്താ ഏജൻസികളും സ്ഥിരീകരിച്ചതിന് പിന്നാലെ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഈ വർത്ത ഞായറാഴ്ച അർദ്ധരാത്രിയോടെ കുടുംബം തള്ളുകയായിരുന്നു. ഈ വാർത്ത സാക്കിർ ഹുസൈന്റെ മരുമകൻ അമീർ ഔലിയ നിഷേധിച്ചു. തന്റെ അമ്മാവൻ ജീവിച്ചിരിപ്പുണ്ടെന്നും തെറ്റിദ്ധാരണ പരത്തരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും അമീർ ഔലിയ അഭ്യർത്ഥിച്ചു. ആഗോള സംഗീത ഭൂപടത്തിൽ തന്നെ ഇന്ത്യയെ അടയാളപ്പെടുത്തിയ തബല മാന്ത്രികനാണ് ഉസ്താദ് സാക്കിർ ഹുസൈൻ. അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലാസിക്കൽ സംഗീത രംഗത്തെ വലിയ പേരുകളിലൊന്നാണ് ഉസ്താദ് സാക്കിർ ഹുസൈന്റേത്. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് രാജ്യം പദ്മശ്രീയും പദ്മവിഭൂഷനും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.