കാസര്‍കോട്: വഴിതര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസികള്‍ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്.വടിയും കല്ലും ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരപ്പ, പുങ്ങംചാലിലാണ് സംഭവം. സംഘര്‍ഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
വഴിയെ ചൊല്ലി സ്ഥലത്ത് തര്‍ക്കം നിലവിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുന്നതിനെ ചൊല്ലി ഉണ്ടായ വാക്കേറ്റമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. ആണും പെണ്ണും ഉള്‍പ്പെടെ പ്രായം പോലും നോക്കാതെയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതേസമയം സംഭവത്തില്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വര്‍ഷങ്ങളായി സ്ഥലത്ത് വഴിതര്‍ക്കം നിലവിലുണ്ട്. പ്രശ്‌നം കോടതിയില്‍ വരെ എത്തിയിരുന്നു. ഇതിനിടയിലാണ് കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുന്നതിനായി വഴി അല്പം വീതികൂട്ടിയതെന്നു പറയുന്നു. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും ചേരിതിരിഞ്ഞ് അസഭ്യം പറഞ്ഞു തുടങ്ങിയതോടെയാണ് സംഘര്‍ഷത്തിനു തുടക്കമായത്. വൃദ്ധര്‍ മുതല്‍ കൗമാരക്കാര്‍ വരെ വടിയും കല്ലുമായി ഏറ്റുമുട്ടിയപ്പോള്‍ മറ്റൊരു കൂട്ടര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. തങ്ങള്‍ക്കും തല്ലുകിട്ടുമെന്ന അവസ്ഥ ഉടലെടുത്തതോടെ പിന്തിപ്പിക്കാന്‍ എത്തിയവര്‍ പിന്‍മാറുകയായിരുന്നു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
