കാസര്‍കോട്: ലൈബ്രേറിയന്മാര്‍ ഉള്‍പ്പെടുന്ന 15,000 ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് ഈ വര്‍ഷം മുതല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. വിദ്യാനഗര്‍, ഉദയഗിരിയില്‍ ലൈബ്രറി കൗണ്‍സില്‍ പരിശീലന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിജ്ഞാനത്തിന്റെ വലിയ ഭണ്ഡാരങ്ങളെന്നു വിശേഷിപ്പിക്കുന്ന പലയിടങ്ങളിലും സാധാരണക്കാരനു ഇപ്പോഴും പ്രവേശനമില്ലാത്ത സ്ഥിതിയാണ്. അതു പരിശോധിക്കപ്പെടേണ്ടതുണ്ട്. ലൈബ്രറികള്‍ കാലത്തിനു അനുസരിച്ച് നവീകരിക്കപ്പെടേണ്ടതുണ്ട്. ചില്ല് അലമാരയിലെ അറിവുകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഗ്രന്ഥശാലകള്‍ക്കു കഴിയണം.സമൂഹത്തില്‍ അനൗപചാരിക സര്‍വ്വകലാശാലകളുടെ പങ്കു വഹിക്കുന്നവയാണ് ഗ്രന്ഥശാലകള്‍- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ കെ വി കുഞ്ഞിരാമന്‍, പി അപ്പുക്കുട്ടന്‍, ഇ ജനാര്‍ദ്ദനന്‍ പാണൂര്‍, പി വി കെ പനയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
