കൊച്ചി: നീണ്ടപാറയിൽ കാട്ടാന മറിച്ചിട്ട പന ദേഹത്തുവീണ് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി12 ഐഎൽ ടൗൺഷിപ് ഇൻസ്ട്രമെന്റേഷൻ ക്വാർട്ടേഴ്സിൽ സി.വി.ആൻമേരിയാണ് (21) മരിച്ചത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് മൂന്നാം വർഷ വിദ്യാർഥിനിയാണ്. ഇതേ കോളേജിൽ പഠിക്കുന്ന ബൈക്ക് ഓടിച്ച അൽത്താഫ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് കട്ടപ്പന ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്ക് പുറപ്പെട്ടുകൊണ്ടിരിക്കേയാണ് അപകടം. ബൈക്ക് കടന്നുപോകുമ്പോൾ റോഡിന് സമീപത്തുണ്ടായിരുന്ന പന കാട്ടാന മറിച്ചിടുകയായിരുന്നു. ബൈക്കിന് പിറകിലായിരുന്ന ആൻ മരിയയുടെ ദേഹത്തേക്കാണ് മരം വീണത്. ഗുരുതരമായി പരിക്കേറ്റ ആനിനെ നേര്യമംഗലത്തെ ആശുപത്രിയിലും തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് മരിച്ച ആൻ മരിയ. അൽത്താഫ് എറണാകുളം കോതമംഗലം സ്വദേശി. അൽത്താഫ് നിലവിളിച്ചു ബഹളം വച്ചതോടെയാണ് സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തിയത്. ഉടൻ ജീപ്പിൽ ഇരുവരെയും നേര്യമംഗലത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.