ബംഗ്‌ളൂരു: ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റെയില്‍ പാളത്തില്‍ തലവച്ച് ജീവനൊടുക്കി. പരപ്പന, അഗ്രഹാര, നാഗനാഥ്പൂര്‍ സ്വദേശി ടിപ്പണ്ണ അളുഗുരു (33) ആണ് ആത്മഹത്യ ചെയ്തത്. ഹുലാമാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ്. തിപ്പണ്ണയുടെ അമ്മ ബസമ്മ നല്‍കിയ പരാതിപ്രകാരം തിപ്പണ്ണയുടെ ഭാര്യാ പിതാവ് യമനപ്പ (50), ഭാര്യ പാര്‍വ്വതി (24) സഹോദരന്‍ മലപ്പ (24) എന്നിവര്‍ക്കെതിരെ ബൈയപ്പനഹള്ളി റെയില്‍വെ പൊലീസ് കേസെടുത്തു.
2022ല്‍ ആണ് യാദ്ഗിരി ജില്ലയിലെ നുര്‍പൂര്‍ താലൂക്കിലെ പാര്‍വ്വതിയുമായി തിപ്പണ്ണയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അതിനു ശേഷം പാര്‍വ്വതി സ്വന്തം വീട്ടിലായിരുന്നു താമസം. ഭാര്യയെ കൂട്ടി കൊണ്ടുപോകാന്‍ തിപ്പണ്ണയും തയ്യാറായില്ല. ഡിസംബര്‍ 12ന് രാവിലെ ഭാര്യാ പിതാവ് യമനപ്പ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയതായി തിപ്പണ്ണയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. നീ മരിച്ചില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞു.
