കാസര്‍കോട്: 100 കിലോ കഞ്ചാവും 5 കിലോ ഹാഷിഷ് ഓയിലും കടത്തിയ കേസിലെ പ്രതി മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനിടയില്‍ അറസ്റ്റില്‍. ബന്തിയോട്, മണ്ടേക്കാപ്പിലെ മുഹമ്മദ് അന്‍സാറി (23)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറും എസ്.ഐ വി.കെ വിജയനും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം. നാലുപവന്‍ തൂക്കം വരുന്ന മുക്കുപണ്ടങ്ങളുമായി മുത്തൂറ്റ് ഫിന്‍ കോര്‍പ്പിന്റെ കുമ്പള ശാഖയിലെത്തിയതായിരുന്നു ഇയാള്‍. ആഭരണത്തില്‍ സംശയം തോന്നി സറാപ്പറുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു വ്യക്തമായത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദ് അന്‍സാറിനെ ജീവനക്കാര്‍ ഓഫീസിനകത്ത് പൂട്ടിയിട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി അറസ്റ്റു ചെയ്തപ്പോഴാണ് ഹൈദരാബാദില്‍ 100 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്നു വ്യക്തമായത്. മദ്യലഹരിയില്‍ പൊതുസ്ഥലത്തു ബഹളം വച്ചതിന് മുഹമ്മദ് അന്‍സാറിനെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. കണ്ണൂര്‍, ജില്ലയിലെ ചക്കരക്കല്ല് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃമതിയുമായി ഒളിച്ചോടിയതിനും ഇയാള്‍ക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതടക്കം നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉള്ളതായി കൂട്ടിച്ചേര്‍ത്തു.
