29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. ഏതെങ്കിലുമൊരു വിഭാഗത്തില്‍പ്പെട്ട ചിത്രങ്ങള്‍ മാത്രം സൃഷ്ടിക്കുകയോ ചില പ്രത്യേക കാഴ്ചപ്പാടുകള്‍ മാത്രം അവതരിപ്പിക്കുകയോ ചെയ്താല്‍ അതു സിനിമാ രംഗത്തിന്റെ ശോഷണത്തിനു വഴിവയ്ക്കൂവെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധങ്ങളായ വിഷയങ്ങളേയും സാമൂഹിക യാഥാര്‍ഥ്യങ്ങളേയും പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന കലാമൂല്യമുള്ള സിനിമകള്‍ സൃഷ്ടിക്കാനും സ്വീകരിക്കാനും സിനിമാ മേഖലയിലുള്ളവര്‍ ശ്രദ്ധിക്കണമെന്നും മേള ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ഉള്ളടക്കത്തിന്റെയും ഉള്‍ക്കാമ്പിന്റെയും കാര്യത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് ലോകത്തെതന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്‌കെ അറിയപ്പെടുന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണ്. സിനിമാ പ്രദര്‍ശനം മാത്രമല്ല മേളയില്‍ നടക്കുന്നത്. ചര്‍ച്ചകള്‍, അഭിപ്രായ പ്രകടനങ്ങള്‍ തുടങ്ങിയവ പുരോഗമന സ്വഭാവമുള്ളവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈവിധ്യമാര്‍ന്ന വിഷയങ്ങളെ കൈകാര്യം ചെയ്തുകൊണ്ടാണ് ഇക്കാലയളവില്‍ ലോകത്താകമാനം സിനിമാ രംഗം വളര്‍ച്ചയും മുന്നേറ്റവും കൈവരിച്ചത്. ചരിത്രംകൊണ്ടും വലിപ്പംകൊണ്ടും നമ്മുടേതിനേക്കാള്‍ മികവുറ്റ നിരവധി മേളകള്‍ ലോകത്തുണ്ട്. ആരംഭിച്ചകാലം മുതല്‍ നോക്കിയാല്‍ അവയില്‍ പലതും പലവിധ മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. പുരോഗമനോന്മുഖമായും പ്രതിലോമകരമായുമുള്ള മാറ്റങ്ങള്‍ക്കു വിധേയമായവയുമുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ ആസ്വാദകരുടേയും സിനിമാ രംഗത്തേക്ക് എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നവരുടേയും സിനിമാ പ്രവര്‍ത്തകരുടേയും സംഗമവേദിയാണ് ചലച്ചിത്ര മേളയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ കാലഘട്ടത്തില്‍ സിനിമാ രംഗത്തേക്കു കോര്‍പ്പറേറ്റുകള്‍ കടന്നുവരുന്നുണ്ട്. ഒരു വ്യവസായമെന്ന നിലയില്‍ അതു സ്വാഭാവികമാണ്. പക്ഷേ, അതിനുമപ്പുറം കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കനുസൃതമായ പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിക്കപ്പെടുന്നു. അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ സിനിമകള്‍ സൃഷ്ടിക്കപ്പെടാന്‍ സമ്മര്‍ദമുണ്ടാകുന്നു. ഇക്കാര്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്നു കൂട്ടിച്ചേര്‍ത്തു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, വി.കെ. പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തകക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍. ജേക്കബ്, അക്കാദമി സെക്രട്ടറി സി. അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗം കുക്കു പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ പ്രദര്‍ശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page