ജയ്പൂര്‍: കാന്‍സര്‍ ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ എലിയുടെ കടിയേറ്റു മരിച്ചു. രാജസ്ഥാനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അതേസമയം മരണം ന്യൂമോണിയ ബാധിച്ചത് കൊണ്ടാണെന്നാണ് ആശുപത്രി അധികൃതർ മാധ്യമങ്ങളെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് പിന്നാലെയാണ് എലിയുടെ കടിയേറ്റതെന്ന് വീട്ടുകാർ പറയുന്നു. കുട്ടി നിലവിളിച്ച് കരഞ്ഞിരുന്നതായി അവർ ആരോപിക്കുന്നു. പുതപ്പ് നീക്കി നോക്കിയപ്പോഴാണ് കാലില്‍ നിന്നും രക്തം വാര്‍ന്നിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ഉടൻതന്നെ പ്രാഥമിക ചികിത്സ നൽകി. ഡോക്ടര്‍മാര്‍ തിരിച്ചുപോയപ്പോൾ കുട്ടിയുടെ ആരോഗ്യനില ക്രമേണ വഷളാവുകയായിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു മരണം.കുട്ടിയുടെ രക്തത്തില്‍ അണുബാധയുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. കുട്ടിയ്ക്ക് അഡ്മിറ്റ് ചെയ്യുന്ന സമയത്ത് പനിയുണ്ടായിരുന്നു. പിന്നാലെ ന്യൂമോണിയയും ബാധിച്ചിരുന്നുവെന്നും തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്നുമാണ് വിശദീകരണം.