കാസർകോട്: ഭീതി പരത്തി കാറടുക്ക പൂവടുക്കയിൽ വീണ്ടും പുലിയിറങ്ങി. വ്യാഴാഴ്ച സന്ധ്യയ്ക്ക് 7 മണിയോടെയാണ് സംസ്ഥാനപാതയിൽ പുലിയെ കണ്ടതായി പറയുന്നത്. കാറഡുക്ക ജീവി എച്ച് എസ് എസ് പിടിഎ പ്രസിഡണ്ട് കൊട്ടംകുഴി സ്വദേശി കെ സുരേഷ് കുമാറിന്റെ കാറിനു മുന്നിലൂടെയാണ് പുലി കടന്നുപോയത്. പിന്നീട് പുലി പൂവടുക്കയിൽ ടവറിന്റെ പണിയെടുത്തു കൊണ്ടിരിക്കുന്ന ഭാഗത്തേക്ക് ഓടി. അവസാനമായി പൂവടുക്കയിലെ നടരാജ നായിക്കിന്റെ തോട്ടത്തിലേക്ക് പോകുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉൾഗ്രാമങ്ങളിൽ പുലികളെ കാണുന്നത് ഇപ്പോൾ പതിവാണെങ്കിലും തിരക്കേറിയ സംസ്ഥാന പാതയിൽ പുലിയെത്തുന്നത് ആദ്യമായാണ്. കഴിഞ്ഞ ദിവസവും ഈ മേഖലയിൽ പുലിയെ കണ്ടതായി പറയുന്നു. കൊട്ടംകുഴി ഭാഗങ്ങളിൽ പുലി തമ്പടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ രണ്ട് പുലികളാണ് ഭീതി പരത്തുന്നതെന്നും നാട്ടുകാർ പറയുന്നു.
.
