ആലപ്പുഴ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ 5.30നു ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ നിർണായകമായത്.നടിയെ ആക്രമിച്ച കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. 2013ൽ പുറത്തിറങ്ങിയ ‘കൗ ബോയ്’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ദിലീപിനെ നായകനാക്കി പിക് പോക്കറ്റ് എന്നൊരു ചിത്രം പ്രഖ്യാപിച്ചെങ്കിലും പ്രോജക്ട് നടന്നില്ല.
