കോഴിക്കോട്: സ്‌കൂൾ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്കു കടന്ന പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കസബ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫി(26)നെയാണ് പോക്സോ നിയമ പ്രകാരം അറസ്‌റ്റ് ചെയ്തത്. വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 2022 മുതൽ പല തവണ പീഡിപ്പിപ്പിക്കുകയായിരുന്നു. കൂടാതെ വിദ്യാർഥിനിയുടെ 5 പവൻ സ്വർണം തട്ടിയെടുക്കുകയും ചെയ്തെന്നും പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പ്രതി വിദേശത്തേക്ക് കടന്നുകളയുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.കസബ പൊലീസ് പ്രതിക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിമാനമിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ചു. തുടർന്നു കസബ പൊലീസെത്തി കസ്‌റ്റഡിയിലെടുത്തു. കോടതി റിമാൻഡ് ചെയ്തു.