പാലക്കാട്: കാസര്‍കോട്, ബേഡകം, കൊളത്തൂര്‍, പെര്‍ളടുക്കത്ത് ജനിച്ചു വളര്‍ന്ന് മലയാള സിനിമയിലെ പുതിയ പടവുകള്‍ ചവിട്ടിക്കയറി കൊണ്ടിരിക്കുന്ന സംവിധായകനും നടനുമായ രാജേഷ് മാധവന്‍ വിവാഹിതനായി. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വ്യാഴാഴ്ച രാവിലെ പാലക്കാട്, യാക്കര, ക്ലബ്ബ് സിക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പ്രൊഡക്ഷന്‍ ഡിസൈനറും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ടിനെ താലി ചാര്‍ത്തിയത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
രാജേഷ് മാധവന്‍ അഭിനയിച്ച കുഞ്ചാക്കോബോബന്‍ ചിത്രമായ ‘ന്നാ താന്‍ കേസു കൊട്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു ദീപ്തി കാരാട്ട്. ഈ സമയത്താണ് ഇരുവരും തമ്മിലുള്ള പ്രണയം മൊട്ടിട്ടത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയാണ് രാജേഷ് മാധവന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് ‘മഹേഷിന്റെ പ്രതികാരം’എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു. തുടര്‍ന്ന് ‘തൊണ്ടി മുതലും ദൃക്‌സാക്ഷി’യും എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. ഒപ്പം നിരവധി ചിത്രങ്ങളില്‍ കാസ്റ്റിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. അടുത്തിടെ റിലീസ് ചെയ്ത ‘ഹെര്‍’ എന്ന ചിത്രത്തിലാണ് രാജേഷ് മാധവന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണ് ദീപ്തിയുമായുള്ള വിവാഹം.