കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാര്‍, മൂലടുക്കത്തെ റാഷിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ നടന്ന ഇന്‍ക്വസ്റ്റിലും ഫോറന്‍സിക് പരിശോധനയിലും റാഷിദിന്റെ മരണ കാരണത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ചില സുപ്രധാന സൂചനകള്‍ ലഭിച്ചു. മൃതദേഹത്തിന്റെ കാലുകളില്‍ കാണപ്പെട്ട പരിക്കുകള്‍ കൂടാതെ കഴുത്തിലും പാടുള്ളതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ പാടുകള്‍ എങ്ങനെയാണ് ഉണ്ടായതെന്നു വ്യക്തമായാല്‍ മരണകാരണത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.
വ്യാഴാഴ്ച വൈകുന്നേരമാണ് റാഷിദിനെ മൂലടുക്കം, പുഴക്കര റോഡിനു സമീപത്തെ കാട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ മാതാവ് സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം സ്ഥലത്തു നിന്നു മാറ്റാതെ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പൊലീസ് ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയതിനു ശേഷമാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നത്തിയത്.