കാസര്‍കോട്: ഒരാള്‍ക്ക് സാധാരണ നിലയില്‍ ഒരു ബാങ്കില്‍ എത്ര അക്കൗണ്ടുണ്ടാകും? ഒരു അക്കൗണ്ടുണ്ടാവുന്നതു സ്വാഭാവികമാണ്. എന്നാല്‍ കുമ്പള മെര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ മുഹമ്മദ് ഹാജിയുടെ പേരില്‍ 13 ഡെയ്‌ലി ഡിപ്പോസിറ്റ് അക്കൗണ്ടുണ്ടെന്നു സഹകരണ വകുപ്പു കണ്ടുപിടിച്ചു. ഷാഹുല്‍ ഹമീദിന്റെ പേരില്‍ ഇത്തരത്തില്‍ എട്ട് അക്കൗണ്ടുകളും കെ.എം മുഹമ്മദിന്റെ പേരില്‍ 12 അക്കൗണ്ടുകളും കെ.എം മുഹമ്മദ് ഷാഹിദിന്റെ പേരില്‍ 10 അക്കൗണ്ടുകളും കണ്ടെത്തിയിട്ടുണ്ടെന്നു സംഘം ഭരണസമിതി അംഗങ്ങളായിരുന്നവരെ സഹകരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ചിനും എട്ടിനും ഇടയ്ക്ക് ദിവസ നിക്ഷേപ അക്കൗണ്ടുള്ള 36വോളം വേറെയുമുണ്ടെന്നു ഭരണസമിതി അംഗങ്ങള്‍ പറയുന്നു.
എന്തിനാണ് ഒരാള്‍ സഹകരണ ബാങ്കില്‍ 13 വരെ ദിവസ നിക്ഷേപ അക്കൗണ്ടുകളെന്ന സംശയം അധികൃതരെ കൂടുതല്‍ അന്വേഷണത്തിനു പ്രേരിപ്പിക്കുന്നുണ്ട്. സഹകരണ വകുപ്പ് അന്വേഷണത്തില്‍ പ്രശ്‌നങ്ങള്‍ എടുത്തു കാണിക്കുന്നുണ്ടെങ്കിലും കണ്ടെത്തലുകള്‍ പൂര്‍ണ്ണമല്ലെന്ന് ആശങ്കയുണ്ട്.
ഇത്തരത്തില്‍ ലക്ഷക്കണക്കിനു രൂപ ഒരാളുടെ പേരിലുള്ള പല അക്കൗണ്ടുകളിലായി സഹകരണ സംഘത്തില്‍ എത്തുന്നുണ്ട്. സഹകരണ ബാങ്കില്‍ നിന്നു നിക്ഷേപകര്‍ തിരിച്ചെടുക്കുന്ന രൂപയുടെ കണക്ക് ഇന്‍കം ടാക്‌സ് വകുപ്പിനോ, ജിഎസ്ടിക്കോ കിട്ടാത്തതിനാല്‍ നിയമപരമായി ആ വകുപ്പുകള്‍ക്കു വര്‍ഷങ്ങളായി നികുതിയിനത്തില്‍ കിട്ടേണ്ട കോടിക്കണക്കിനു രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനു കാരണം സംഘത്തിലെ ഇത്തരം അക്കൗണ്ടുകളാണെന്നും ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനു സാധ്യത വര്‍ധിക്കുന്നത്. ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ഈ അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു നിക്ഷേപം എവിടെ നിന്ന് എത്തുന്നു. തിരിച്ചെടുക്കുന്ന പണം എവിടേക്കു പോകുന്നു എന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.
സഹകരണ സംഘങ്ങള്‍ പാവപ്പെട്ട ഗ്രാമീണരുടെ ബാങ്കാണെന്നും അവിടങ്ങളില്‍ തട്ടിപ്പുകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കാന്‍ സാധ്യത കുറവാണെന്നുമുള്ള വിശ്വാസത്തിന്റെ പേരിലാണ് ഇത്തരം സ്ഥാപനങ്ങളുടെ ഇടപാടുകള്‍ ഇന്‍കം ടാക്‌സും ജിഎസ്ടിയും അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന സഹകരണ സംഘം തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ ആ വിശ്വാസം അബദ്ധമാണെന്ന നിലപാടിലേക്കു ഈ വകുപ്പുകളും മാറിയിട്ടുണ്ടെന്നു പറയുന്നു.
സംഘത്തിന്റെ പരിധിയില്‍ കച്ചവട സ്ഥാപനമുള്ളവര്‍ക്കാണ് സംഘത്തില്‍ അംഗമാകാന്‍ അവകാശമുള്ളത്. എന്നാല്‍ കുമ്പള മെര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സംഘത്തില്‍ വ്യാപാരികളല്ലാത്ത നിരവധി പേര്‍ അംഗങ്ങളാണെന്നു സൂചനയുണ്ട്. സഹകരണ വകുപ്പ് സംഘത്തില്‍ നടത്തിയ പരിശോധനയില്‍ വായ്പകളുടെ പലിശ വായ്പത്തുകയുടെ കൂടെ ചേര്‍ത്തു പുതിയ വായ്പയായി അനുവദിച്ചു കൊണ്ടിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി ഇത്തരത്തിലുള്ള വായ്പകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രവണത സംഘത്തിന്റെ അസ്ഥിവാരം തകര്‍ത്തു കൊണ്ടിരിക്കുകയാണെന്നു അന്വേഷണം കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരില്‍ വ്യാപാര സ്ഥാപനങ്ങളില്ലാത്തവരുമുണ്ടെന്നും അവരില്‍ നിന്നു വായ്പ തിരിച്ചു പിടിക്കാന്‍ സംഘത്തിനു കഴിയില്ലെന്നും സൂചനയുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റ് 30നു സംഘത്തില്‍ നിന്നു നല്‍കിയ എസ്.ടി.എന്‍.എ വായ്പകളില്‍ ബാക്കി നില്‍ക്കുന്ന 47 വായ്പകളില്‍ 39 എണ്ണത്തിനും വായ്പാപരിധി മറി കടന്നാണ് സംഘം വായ്പ നല്‍കിയതെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വായ്പകളില്‍ ബാക്കിയുള്ള 207 എണ്ണത്തില്‍ 206വും വായ്പാപരിധി മറി കടന്നുള്ളവയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.
യാതൊരു ഈടുമില്ലാതെ നല്‍കിയിട്ടുള്ള ഇത്തരം വായ്പകളില്‍ മിക്കതും കുടിശ്ശികയായിക്കിടക്കുകയാണ്. ഇത് ഈടാക്കാന്‍ കഴിയാതെ വന്നാല്‍ ഭാവിയില്‍ സംഘത്തിനു വന്‍ നഷ്ടം സംഭവിക്കുമെന്നു സഹകരണ വകുപ്പു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറി, ജോയിന്റ് കസ്‌റ്റോഡിയന്‍ എന്നിവരായിരിക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് എടുത്തു കാട്ടുന്നു.
(തുടരും)