കാസര്‍കോട്: വ്യാപാരികളുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് അപ്പപ്പോള്‍ സാമ്പത്തിക സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1993 ജൂണ്‍ അഞ്ചിനു പ്രവര്‍ത്തനമാരംഭിച്ച കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 187ല്‍ സഹകരണ വകുപ്പ് അടിമുടി അഴിമതിയും നിയമ ലംഘനവും കണ്ടെത്തി.
ഇതു സംബന്ധിച്ച് ഭരണസമിതി അംഗങ്ങളോടും സെക്രട്ടറിയോടും സഹ.ജോയിന്റ് രജിസ്ട്രാര്‍ വിശദീകരണം ആരാഞ്ഞു. വിശദീകരണം നേരിട്ടോ രേഖാമൂലമോ 19-12-2024ന് നല്‍കണമെന്നു നോട്ടീസില്‍ മുന്നറിയിച്ചു. സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ നിയമവിരുദ്ധ നടപടികളും അഴിമതികളും അടങ്ങിയ റിപ്പോര്‍ട്ട് ഭരണസമിതി അംഗങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.
ഭരണസമിതി ഉത്തരവാദിയായിട്ടുള്ള അഴിമതികള്‍ക്കൊപ്പം മെമ്പര്‍മാരും അതിശയകരമായ അഴിമതിയും തട്ടിപ്പും നടത്തിയിട്ടുളളതായും സഹകരണ വകുപ്പു കണ്ടെത്തിയിട്ടുണ്ട്. സംഘത്തിന്റെ 115-ാം നമ്പര്‍ അംഗമായ സുകുമാരന്‍ അറിയാതെ അയാളുടെ പേരില്‍ രണ്ടുലക്ഷം രൂപ 2018 ഡിസംബര്‍ 31ന് ലോണെടുത്തു. ഇതു സംബന്ധിച്ച് സുകുമാരന്‍ നടത്തിയ അന്വേഷണത്തില്‍ ലോണെടുത്തതു പിഗ്മി ഏജന്റ് ദാമോദരനാണെന്നു കണ്ടെത്തി. ആ ലോണിനു ജാമ്യം നിന്നതു 233ാം നമ്പര്‍ അംഗം പി.കെ ജലജാക്ഷിയും 153-ാം നമ്പര്‍ അംഗം ഹംസയുമാണെന്നു കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നു സുകുമാരന്‍ സഹകരണ വകുപ്പിനു പരാതി നല്‍കുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ സംഗതി ശരിയാണെന്നു കണ്ടെത്തി. അന്വേഷണ സംഘം പിഗ്മി ദാമോദരനോടു സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. സുകുമാരന്‍ വായ്പയെടുത്തു പണം തനിക്കു തന്നതാണെന്നും താനതു തിരിച്ചടച്ചാല്‍ സംഗതി തീരില്ലേ എന്നും ദാമോദരന്‍ അന്വേഷണ സംഘത്തോടാരാഞ്ഞു. വിവരം നല്‍കാന്‍ ജാമ്യക്കാരെ അന്വേഷണ സംഘം വിളിപ്പിച്ചെങ്കിലും അവര്‍ രണ്ടു പേരും തെളിവു നല്‍കാന്‍ എത്താതെ മാറി നിന്നു.
ഇതു കൊണ്ടു സംഘത്തിന്റെ അഴിമതിക്കഥ തീരുന്നെന്നു കരുതരുത്.
മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സംഘത്തില്‍ മര്‍ച്ചന്റ്‌സിന്റെ ക്ഷേമമല്ല, വിനാശത്തിനുള്ള വഴികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നു ഭരണസമിതി യോഗത്തില്‍ അതിലൊരംഗമായിരുന്ന വിക്രംപൈ ചൂണ്ടിക്കാണിച്ചു. ഭരണക്കാരെ ഇതു ചൊടിപ്പിച്ചു. അഴിമതിക്കു കൂട്ടുനില്‍ക്കാന്‍ തനിക്കാവില്ലെന്നു അറിയിച്ച അദ്ദേഹം 2023 ആഗസ്റ്റ് 16നു ഭരണസമിതിയില്‍ നിന്നു രാജി വച്ചു. സൊസൈറ്റിയില്‍ നടക്കുന്ന വ്യാപാരി വിരുദ്ധ നടപടികളെക്കുറിച്ചന്വേഷിക്കണമെന്നു സഹകരണ വകുപ്പിന്റെ തലപ്പത്തുവരെ പരാതി കൊടുത്തു. കോടതിയേയും സമീപിച്ചു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പുകള്‍ സഹകരണ വകുപ്പു കണ്ടെത്തിയത്.
വായ്പയ്ക്കു അപേക്ഷ നല്‍കുന്നതിനു മുമ്പ് ഏതെങ്കിലും സഹകരണ സംഘമോ ബാങ്കുകളോ വായ്പ അനുവദിക്കുമോ? എങ്കില്‍ കുമ്പള മര്‍ച്ചന്റ് വെല്‍ഫയര്‍ സംഘം അതിന്റെ 428ാം നമ്പര്‍ അംഗം അബ്ദുല്‍ റഷീദിനും മെമ്പര്‍ നമ്പര്‍ 429 റുനൈദ് കെയ്ക്കും 2022 ജൂണ്‍ 4നു ഭരണസമിതി വായ്പ അനുവദിച്ചു. അതറിഞ്ഞ് അബ്ദുല്‍ റഷീദ് 2022 ജൂണ്‍ 16നും റുഷൈദ് 2022 ജൂണ്‍ 21നും അപേക്ഷ കൊടുക്കുകയായിരുന്നു. വായ്പാപേക്ഷ നല്‍കുന്നതിനു രണ്ടാഴ്ച മുമ്പു എങ്ങനെയാണ് സംഘം വായ്പ അനുവദിച്ചതെന്ന് വായ്പക്കാരും അതിശയിച്ചു. ചിലപ്പോള്‍ തങ്ങളുടെ സാമ്പത്തിക വിഷമത കണ്ടു കണ്ണീരൊപ്പാന്‍ ഓടിയെത്തിയതായിരിക്കുമെന്ന് അവര്‍ സമാധാനിച്ചു. ഇതു സംബന്ധിച്ചു സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തില്‍ വായ്പാപേക്ഷയിലും സംഘത്തിന്റെ മിനിട്‌സ് ബുക്കിലും തിരുത്തലുകള്‍ കണ്ടെത്തി. തുടര്‍ന്നു വായ്പയെടുത്ത അബ്ദുല്‍ റഷീദ്, റുഷൈദ്, ജാമ്യക്കാരായ പ്രദീപ ശര്‍മ്മ, മുഹമ്മദ് റിസാന്‍ എന്നിവരോടു നേരിട്ടു വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. ജാമ്യക്കാരനായ പ്രദീപ് ശര്‍മ്മ സഹ.ജോയിന്റ് രജിസ്ട്രാര്‍ക്കു മുന്നില്‍ ഹാജരായി. അബ്ദുല്‍ റഷീദിനു രണ്ടു ലക്ഷം രൂപ വായ്പയെടുക്കുന്നതിനു 22-6-16ല്‍ താന്‍ ജാമ്യം നിന്നുവെന്നറിയിച്ചു. എന്നാല്‍ പിന്നീട് വായ്പ മൂന്നു ലക്ഷമാക്കി മാറ്റിയിട്ടുണ്ടെന്നു ആളുകള്‍ പറഞ്ഞറിഞ്ഞിട്ടുണ്ടെന്നും തെളിവു നല്‍കി. വായ്പ കൊടുക്കുമ്പോള്‍ ഫലില്‍ രണ്ടു ലക്ഷമെന്നാണ് എഴുതിയിരുന്നതെന്നും അദ്ദേഹം ജോയിന്റ് രജിസ്ട്രാറെ അറിയിച്ചു. മറ്റുള്ളവര്‍ തെളിവു നല്‍കാന്‍ ഹാജരായില്ല.
ഇതിനിടയില്‍ ബാങ്ക് പ്രസിഡന്റ് എം. അബ്ബാസിന്റെ ഡയറക്ടര്‍ സ്ഥാനം സഹകരണ വകുപ്പ് അസാധുവാക്കുകയും ചെയ്തിരുന്നു.
(തുടരും)