മയിലുകള്‍ നാട്ടിന്‍പുറങ്ങളിലേക്ക്: ചത്തൊടുങ്ങുന്നത് നോവാകുന്നു

കുമ്പള: വശ്യ മനോഹാരിതയും പീലി വിടര്‍ത്തിയുള്ള ആട്ടവുമായി മയിലുകള്‍ കൂട്ടത്തോടെ നാട്ടിന്‍ പുറങ്ങളിലെത്തുന്നത് കൗതുകമാവുന്നു. ഒരുകാലത്ത് മിക്ക നാട്ടിന്‍പുറങ്ങളിലും അപൂര്‍വ്വ പക്ഷിയായിരുന്ന മയില്‍ ഇന്ന് കാടിറങ്ങി നാട്ടിന്‍പുറങ്ങളിലേക്കെത്തുന്നത് സാധാരണ കാഴ്ചയായിട്ടുണ്ട്.
ദേശീയ പക്ഷിയാണെങ്കിലും മയിലുകളുടെ എണ്ണം ജില്ലയില്‍ പെരുകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയില്‍പ്പെടുത്തി സംരക്ഷിക്കേണ്ട മയിലുകളാണ് നാട്ടിന്‍പുറങ്ങളില്‍ ഇപ്പോള്‍ കൂട്ടമായി എത്തുന്നത്. എന്നാല്‍ ഇവ ട്രെയിനുകളും, വാഹനങ്ങളും ഇടിച്ചു ചത്തു പോകുന്നത് പ്രദേശവാസികള്‍ക്ക് നോവാകുന്നു.
മൊഗ്രാല്‍പുത്തൂര്‍, മൊഗ്രാല്‍, കുമ്പള ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ മാസങ്ങളായി മയില്‍ക്കൂട്ടങ്ങളെ കണ്ടുവരുന്നുണ്ട്. റെയില്‍ പാളങ്ങളിലൂടെയാണ് ഇവയുടെ സഞ്ചാരം. നാട്ടിന്‍പുറങ്ങളിലെ കുറ്റിക്കാടുകള്‍ തേടിയാണ് മയിലുകളുടെ വരവെങ്കിലും ഇവ ട്രെയിന്‍, വാഹന അപകടങ്ങളില്‍പ്പെട്ട് ചത്തു പോകുന്നത് സാധാരണ കാഴ്ചയാവുകയാണ്.
മയിലുകളുടെ വശ്യ മനോഹാരിത ഏവരെയും ആകര്‍ഷിക്കുന്ന ഘടകമായതുകൊണ്ടുതന്നെ നാട്ടിന്‍പുറങ്ങളിലെത്തിയാല്‍ ഇവയെ കാണാന്‍ കുട്ടികള്‍ അടക്കമുള്ളവര്‍ തടിച്ചുകൂടാറുണ്ട്. പീലി വിടര്‍ത്തിയുള്ള ഇവയുടെ നൃത്തം മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നതു കുട്ടികള്‍ക്കൊരു നേരംപോക്കാണ്. നേരത്തെ മയിലുകള്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായിരുന്നു കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോള്‍ കാസര്‍കോട് ജില്ലയും മയിലുകളുടെ നാടായി മാറിക്കഴിഞ്ഞു.
കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി ചൂട് കൂടുന്നതു കൊണ്ടും വനങ്ങള്‍ കൊള്ളസംഘം മരുഭൂമിയാക്കിയതിന്റെയും ഫലമായിട്ടാണ് ഇത്തരത്തില്‍ മയിലുകള്‍ നാട്ടിന്‍പുറങ്ങളില്‍ കൂട്ടമായി എത്തുന്നതെന്നാണ് പരിസ്ഥിതി, പക്ഷി നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ മഴക്കാലത്ത് പോലും മയിലുകള്‍ കൂട്ടമായി വീട്ടുപടിക്കല്‍ എത്തുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 187ല്‍ അടിമുടി അഴിമതി; തിരിമറികള്‍ കണ്ടെത്തി, ലക്ഷങ്ങളുടെ അനധികൃത നടപടികള്‍ക്കു പിരിച്ചുവിടപ്പെട്ട ഭരണസമിതി ഉത്തരവാദിയെന്നു കണ്ടെത്തല്‍

You cannot copy content of this page