കാസര്‍കോട്: കുമ്പള പേരാല്‍ പൊട്ടോരിയിലെ അബ്ദുല്‍ സലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്)കോടതി ജഡ്ജ് ആണ് വിധി പ്രസ്താവിക്കുക. കുമ്പള ബദരിയ നഗറിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന മാങ്ങാമുടി സിദ്ദീഖ് (39), പേരാലിലെ ഉമ്മര്‍ ഫാറൂഖ് (29), പെര്‍വാഡിലെ സഹീര്‍ (32), പേരാലിലെ നിയാസ് (31), ബംബ്രാണ ആരിക്കാടിയിലെ ഹരീഷ് (29), മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് (36) എന്നിവരാണ് കേസിലെ പ്രതികള്‍. 2017 ഏപ്രില്‍ 30 നാണ് കേസിനാസ്പദമായ സംഭവം. അതിക്രൂരമായാണ് അബ്ദുല്‍ സലാമിനെ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തല ഉടലില്‍ നിന്നും വെട്ടിയെടുത്ത് ദൂരെയെറിയുകയായിരുന്നു. സലാമിന്റെ കൂടെയുണ്ടായിരുന്ന ബദരിയ നഗറിലെ നൗഷാദിനും കുത്തേറ്റിരുന്നു. നൗഷാദിനെ കുത്തേറ്റുവീണനിലയില്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് 50 മീറ്റര്‍ അകലെയാണ് കഴുത്തറുത്തനിലയില്‍ സലാമിന്റെ മൃതദേഹം കണ്ടെത്തിയത്. 30 മീറ്റര്‍ അറ്റുവീണ തലയും ഉടലും തമ്മിലുണ്ടായിരുന്നത്.
കുമ്പള, കാസര്‍കോട് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുള്‍ സലാം. പേരാല്‍ പൊട്ടോരിയിലെ ഷെഫീഖിനെ കൊന്ന കേസിലും കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനം കത്തിച്ച കേസിലും സലാം പ്രതിയാണ്.