കാസർകോട്: കുഞ്ചാർ സ്വദേശി മുംബൈയിൽ ബസ് ഇടിച്ചു മരിച്ചു. കുഞ്ചാര്‍ വെളുമ്പ് സ്വദേശി കെ അസൈനാർ(55) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മുംബൈ വി ടി ശിവാലയ റസ്റ്റോറന്റിന് മുന്നിൽ വെച്ചാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബി എസ് ടി ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ പിൻചക്രം ദേഹത്ത് കയറി തൽക്ഷണം മരിച്ചു. മൃതദേഹം മുംബൈ സെന്റ് ജോർജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുംബൈ കേരള മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി ഹനീഫയുടെയും മുംബൈ കാസർകോട് കൂട്ടായ്മ ഭാരവാഹികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ബുധനാഴ്ച രാവിലെയാണ് അസൈനാർ മുംബൈയിൽ എത്തിയത്. കുഞ്ചാർ അന്തുഞ്ഞി വെളുമ്പയുടെയും ബീഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: അബ്ബാസ്, മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ, നൗഷാദ്, മറിയംബി.