ഭക്ഷ്യ വസ്തുക്കളും മറ്റും കേടുകൂടാതെ സൂക്ഷിക്കാന്‍ ആധുനിക കാലത്ത് വിവിധ സാങ്കേതിക വിദ്യകളുണ്ട്. അതിലൊന്നാണ് ഫ്രിഡ്ജ്. നാല്‍പതു വര്‍ഷം മുമ്പ് പഴയകാല തലമുറ ചില ഭക്ഷ്യ വസ്തുക്കള്‍ ഗ്രാമീണ ടെക്ക്‌നിക്ക് വഴി എങ്ങനെ കേടുകൂടാതെ സൂക്ഷിച്ചു വെച്ചിരുന്നു എന്ന് പുതിയ തലമുറക്ക് പകര്‍ന്നു കൊടുക്കുന്നത് നന്നായിരിക്കുമെന്ന് കരുതി.
ചക്കക്കുരു മണ്ണില്‍ പൂഴ്ത്തി വെച്ചാണ് അടുത്ത സീസണ്‍ വരെ ഉപയോഗിച്ചിരുന്നത്.
വീടിന്റെ അടുക്കള ഭാഗത്തുള്ള ഞാലിയില്‍ (താത്തുകെട്ടി) ഒരു മൂലയില്‍ ചക്കക്കുരു കൂട്ടി വെച്ച് അതിനു മുകളില്‍ മണ്ണിട്ട് മൂടും. ആവശ്യത്തിന് മണ്ണ് നീക്കി കുരു പുറത്തെടുക്കും.
ചുട്ടുതിന്നാം, ഓടില്‍ വറുത്ത് തിന്നാം, വിവിധ തരം കറികളുണ്ടാക്കി കഴിക്കാം.
മുറുക്കാന്‍ ഉപയോഗിക്കുന്ന അടക്ക വലിയ കുടത്തിലോ മറ്റോ വെള്ളം ശേഖരിച്ച് അതില്‍ ഇട്ടു വെച്ചാല്‍ കേടുകൂടാതെ ഉപയോഗിക്കാന്‍ പറ്റും. പഴുത്ത അടയ്ക്കയാണ് ഇങ്ങനെ വെള്ളത്തിലിട്ട് വെക്കണ്ടേത്. പാത്രം അടച്ചു വെക്കണം. കൊതുകുശല്യം ഇല്ലാതാക്കാന്‍. തൊലി ചീഞ്ഞുനാറും. പാത്രം അടച്ചു വെച്ചാല്‍ ഇതിന് പരിഹാരമുണ്ടാവും.
വെറ്റില വാടാതെയും ഉണങ്ങി പോവാതെയും സൂക്ഷിക്കാന്‍ വാഴപ്പോളയുടെ ഉള്ളില്‍ തിരുകി വെക്കും. ആഴ്ചകളോളം കേടുകൂടാതെ നില്‍ക്കും. വേറൊരു വിദ്യ ഉള്ളത് കവുങ്ങിന്‍പാളയില്‍ വെറ്റില ചുരുട്ടി വെച്ച് ചരടില്‍ കെട്ടി കിണറിലേക്ക് താഴ്ത്തി വെക്കലാണ്. പാളക്കുള്ളില്‍ വെള്ളം കയറാത്തവിധം ചുരുട്ടി വെക്കണം. ഇരുപത്തിഅഞ്ച് വെറ്റില ആഞ്ഞ് കെട്ടിയാല്‍ ഒരു കവിള് വെറ്റില എന്നും അങ്ങനെ നാല് കവിള് (100 എണ്ണം) ആയാല്‍ ഒരു കെട്ട് വെറ്റില (ബെത്തില, വെത്തില) എന്നുമാണ് പറയുക.
മാങ്ങ സീസണില്‍ പച്ചമാങ്ങ ചെറുതായി മുറിച്ച് ഉപ്പ് പുരട്ടി ഉണക്കി വെക്കും. വര്‍ഷം മുഴുവന്‍ കറിക്ക് പുളിക്ക് പകരം മാങ്ങാ പുളിയാണ് ഉപയോഗിച്ചിരുന്നത്. നടപ്പ് കാലത്ത് മാങ്ങ ഉപ്പിലിട്ട് വെച്ച് വര്‍ഷം മുഴുവന്‍ ഉപയോഗിക്കും. ഉപ്പിലിട്ട മാങ്ങയും കപ്പമുളകും ചേര്‍ത്ത് കഴിക്കാന്‍ എന്തൊരു ടേസ്റ്റാണെന്നോ?
വെള്ളരിക്ക, മത്തന്‍, കുമ്പളങ്ങ എന്നിവ് കേട് വരാതിരിക്കാന്‍ പച്ചതെങ്ങോല ഉപയോഗിച്ച് വീടിന്റെ വരാന്തയിലും പടിഞ്ഞാറ്റയിലും മറ്റും കഴുക്കോലിനോ മറ്റോ ഞാന്നു കിടക്കത്തക്കവിധത്തില്‍ കെട്ടിയിടും. അത് കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു. അധ്വാനികളായ കര്‍ഷകരുടെ വീടുകളില്‍ ഈ മനോഹര കാഴ്ച കാണാം.
വര്‍ഷകാലത്ത് ഉണക്ക മീന്‍ സൂക്ഷിച്ചുവെച്ചാല്‍ വേഗം കേടു വരും. അതേ പോലെ മാംസവും. ഇവ കേടുവരാതിരിക്കാന്‍ അടുപ്പിന്റെ ഏരത്ത് കെട്ടിയ ‘വരു’ വില്‍കെട്ടിത്തൂക്കിയിട്ടും. കുറേ കാലം, അടുപ്പില്‍ നിന്ന് കിട്ടുന്ന ചൂടു മൂലം കേടു കൂടാതിരിക്കും.
അരിയും നെല്ലുമൊക്കെ മൂട (വൈക്കോല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പൊതി) കെട്ടിവെക്കും. പണ്ടൊക്കെ പീടികയില്‍ ചെന്ന് മൂട അരി വാങ്ങിച്ചു കൊണ്ടുവന്നത് ഓര്‍മ്മയുണ്ട്. വീടുകളില്‍ കൊയ്ത്തു കഴിഞ്ഞാല്‍ നെല്ല് ഉണക്കി വൈക്കോല്‍ കൊണ്ട് നിര്‍മ്മിച്ച മുടയിലാണ് സൂക്ഷിക്കാറ്. 30 ഇടങ്ങഴി നെല്ലാണ് ഒരു മുടയില്‍ നിറക്കുക. നെല്‍ വിത്തും മൂടയില്‍ നിറച്ചാണ് സൂക്ഷിക്കുക. കൃഷി ചെയ്യേണ്ട സമയമാവുമ്പോള്‍ വിത്ത് മൂട കുളത്തില്‍ കൊണ്ടുപോയി താഴ്ത്തി വെക്കും.