-പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: ഉക്രെയ്‌നുമായി ഉടനടി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടണമെന്നു യു.എസ് റഷ്യന്‍ നേതാവ് വളാഡിമര്‍ പുട്ടിനോട് നിയുക്ത യു.എസ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടു.
സെലെന്‍സ്‌കിയും ഉക്രെയ്‌നും ഉടന്‍ കരാര്‍ ഉണ്ടാക്കി യുദ്ധം അവസാനിപ്പിക്കണം. ഉക്രെയ്ന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയോട് ട്രംപ് സോഷ്യല്‍ മീഡിയയില്‍ മുന്നറിയിച്ചു.
ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍, ഉക്രെയ്‌നിനുള്ള സൈനിക സഹായം കുറയ്ക്കുന്നതിനും അമേരിക്കയെ നാറ്റോയില്‍ നിന്ന് പിന്‍വലിക്കുന്നതിനും താന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു.
ഏകദേശം 3 വര്‍ഷമായി തുടരുന്ന ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് എന്‍.ബി.സി.യുടെ ചോദ്യത്തിന്, തീര്‍ച്ചയായും എന്ന് ട്രംപ് മറുപടി പറഞ്ഞു.
നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം പുടിനുമായി സംസാരിച്ചിരുന്നോ എന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. ”അതിനെക്കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ചര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ഒന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,” ട്രംപ് പറഞ്ഞു.
ഉക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന മോസ്‌കോയുടെ പ്രസ്താവന ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ട്രംപിന്റെ പോസ്റ്റിനോടും ആവര്‍ത്തിച്ചു. അതേ സമയം ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ എച്ച്.ആര്‍ മക്മാസ്റ്റര്‍, യുക്രെയ്‌നുമായുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിന് പെട്ടെന്നുള്ള പരിഹാരമൊന്നുമില്ലെന്ന് മുന്നറിയിച്ചു.