മാന്നാര്‍: കണ്ണില്‍ മുളകുപൊടി വിതറി വയോധികന്റെ രണ്ടരപ്പവന്‍ സ്വര്‍ണമാല കവര്‍ന്നതായി പരാതി. മാന്നാര്‍ കൂട്ടംപേരൂര്‍ കുന്നത്തൂര്‍ ക്ഷേത്രത്തിന് സമീപം സദന്‍ ഹെയര്‍ സ്‌റ്റൈല്‍ എന്ന സ്ഥാപനം നടത്തുന്ന കുളഞ്ഞിക്കാരാഴ്മ വേളൂര്‍ തറയില്‍ സദാശിവന്റെ (74) സ്വര്‍ണ മാലയാണ് തട്ടിയെടുത്തത്. തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെ ഒറ്റയ്ക്കിരിക്കുമ്പോള്‍ കടയ്ക്കുള്ളിലേക്ക് കയറി വന്നയാള്‍ വാടക മുറി അന്വേഷിച്ചു. സംസാരിക്കുന്നതിനിടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കഴുത്തില്‍ കിടന്ന രണ്ടരപ്പവന്‍ തൂക്കമുള്ള സ്വര്‍ണമാല കവര്‍ന്ന് വയോധികനെ തളളിയിട്ട് രക്ഷപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ സദാശിവന്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മാന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
