-പി പി ചെറിയാന്‍
ന്യൂയോര്‍ക്:അമേരിക്കന്‍ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം പ്രസിഡന്റ് പദവി ഏറ്റെടുക്കുന്ന
ആദ്യ ദിവസം തന്നെ അവസാനിപ്പിക്കാന്‍ താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.”എക്സിക്യൂട്ടീവ് നടപടിയിലൂടെ ഞാന്‍ അത് ചെയ്യാന്‍ പോകുകയാണ്. അത് മാറ്റേണ്ടതുണ്ട്. ”മീറ്റ് ദി പ്രസില്‍” ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത എന്‍ബിസി അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ട്രംപ് എങ്ങനെയാണ് പദ്ധതിയിടുന്നതെന്നും എക്‌സിക്യൂട്ടീവ് നടപടിയിലൂടെ അങ്ങനെ ചെയ്യാമോ എന്ന ചോദ്യത്തിന് എക്സിക്യൂട്ടീവ് നടപടിയിലൂടെ ഞാന്‍ അത് ചെയ്യാന്‍ പോകുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
‘യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ജനിച്ചവരോ പ്രകൃതിവല്‍ക്കരിക്കപ്പെട്ടവരോ, അതിന്റെ അധികാരപരിധിക്ക് വിധേയരായവരോ ആയ എല്ലാ വ്യക്തികളും അമേരിക്കന്‍ ഐക്യനാടുകളിലെ പൗരന്മാരാണെന്ന് 1968ല്‍ കോണ്‍ഗ്രസ് അംഗീകരിച്ച 14-ാം ഭരണഘടനാ ഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ഭേദഗതിക്കു നാലില്‍ മൂന്ന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്.വളരെ ചെറുപ്പത്തില്‍ തന്നെ കുടുംബത്തോടൊപ്പം കുടിയേറി അമേരിക്കയില്‍ വളര്‍ന്നുവന്ന കുട്ടികളെ സംബന്ധിച്ച് ”എന്തെങ്കിലും ചെയ്യാന്‍” താന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് അഭിമുഖത്തില്‍ തുടര്‍ന്നു പറഞ്ഞു.