കാസര്‍കോട്: കാഞ്ഞങ്ങാട്, അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലും സംഘര്‍ഷം. പൊലീസ് ലാത്തി ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്ക്.
നൂറോളം പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് മന്‍സൂര്‍ ആശുപത്രിക്ക് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളും കയ്യാങ്കളിയും ഉണ്ടായി. തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പു ചെയ്യുകയാണ്.
രാവിലെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആശുപത്രി മാര്‍ച്ചും സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജ്ജിലും കലാശിച്ചിരുന്നു. ശനിയാഴ്ചയാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥിനി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ അതീവ ഗുരുതര നിലയില്‍ തുടരുകയാണ്.
