Author: നാരായണന്‍ പേരിയ
”സര്‍വ്വമത സാരശോഭ”- കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ നവമ്പര്‍ 29, 30 തീയ്യതികളില്‍ നടന്ന ”ലോക മത പാര്‍ലിമെന്റി”നെ മാതൃഭൂമി പത്രം വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു.
1924ല്‍ ആലുവാ അദ്വൈതാശ്രമത്തില്‍ ശ്രീ നാരായണ ഗുരു സ്വാമികളുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി പ്രമാണിച്ച് ശിവഗിരിമഠം മുന്‍ കൈയെടുത്താണ് വത്തിക്കാനില്‍ സര്‍വ്വമതപാര്‍ലമെന്റ് സംഘടിപ്പിച്ചത്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടക്കം വിവിധ മതനേതാക്കള്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നു ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മേധാവി സ്വാമി സച്ചിദാനന്ദ, ഫാദര്‍ ഡേവിസ് ചിറമ്മല്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കം പതിനഞ്ചുപേര്‍ സംബന്ധിച്ചു. പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള, പ്രതിനിധികളുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എത്രമതക്കാര്‍ എന്ന് വാര്‍ത്തയില്‍ കണ്ടില്ല; ഏതെല്ലാം മതങ്ങളുടെ പ്രതിനിധികളാണു പങ്കെടുത്തതെന്നും വ്യക്തമാക്കിയിട്ടില്ല.
സ്വാമി സച്ചിദാനന്ദ പറഞ്ഞത് പോലെ ഒരു ചരിത്ര സംഭവം തന്നെയായിരുന്നു ലോക മതപാര്‍ലമെന്റ്. നാരായണഗുരുവിന്റെ നേതൃത്വത്തില്‍ 1924ല്‍ നടന്ന സര്‍വ്വമത സമ്മേളനം അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ സംഭവമായിരുന്നു. എല്ലാ മതങ്ങളും സഹിഷ്ണുതയോടെ പഠിച്ചാല്‍ മാത്രമേ മതപ്പോരുകളും ആദര്‍ശ സംഘട്ടനങ്ങളും കൊണ്ട് മനുഷ്യ സമുദായം വിഷലിപ്തമാകാതിരിക്കൂ എന്ന് ഗുരു ആവര്‍ത്തിച്ച് പറയാറുണ്ടായിരുന്നു. മുന്‍വിധികളും പക്ഷപാത മനോഭാവവും മാറ്റി നിര്‍ത്തി മത ഗ്രന്ഥങ്ങള്‍- തങ്ങളുടേത് മാത്രമല്ല, എല്ലാവരുടേതും പഠിക്കുകയാണെങ്കില്‍ അവയിലെല്ലാം സമാന സ്വഭാവമുള്ള ഒരു അന്തര്‍ദ്ധാര കണ്ടെത്താമെന്ന് ഗുരു ചൂണ്ടിക്കാണിച്ചു; ഈ സത്യം മനസ്സിലാകുന്നതോടെ ലോക സമാധാനം തനിയേ കൈവരുമെന്നും.
ഇത് പ്രായോഗികമാക്കുന്നതിനുള്ള ആദ്യത്തെ ചുവട്വെപ്പ് എന്ന നിലയിലാണ് 1924ല്‍ ആലുവയില്‍ സര്‍വമത സമ്മേളനം വിളിച്ചു കൂട്ടിയത്. ഇതും ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സംഭവമായിരുന്നു. ഈ സമ്മേളനത്തില്‍ നാനാമതങ്ങളെയും പ്രതിനിധീകരിച്ച് ആളുകള്‍ എത്തി. ഗുരുവിന്റെ ആലുവാ ഇതിനു അദ്വൈതാശ്രമത്തില്‍ വേദിയൊരുക്കി. വേദിയുടെ പ്രവേശനകവാടത്തില്‍ വലിയ അക്ഷരത്തില്‍ എഴുതിവെച്ചു. ”വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും”-ഇതായിരുന്നു യോഗോദ്ദേശ്യം.
സമ്മേളനത്തിന്റെ സമാപന വേളയില്‍ ഗുരുസ്വാമികള്‍ അറിയിച്ചു. ”എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണ്. ഇവിടെ നടന്ന പ്രസംഗങ്ങളില്‍ വെളിപ്പെട്ടത് ഇതാണ്. ഈ തത്ത്വം സ്ഥാപിക്കുന്ന ഒരു മതപാഠശാല- എല്ലാ മത തത്ത്വങ്ങളും പഠിപ്പിക്കാനുള്ള സൗകര്യങ്ങളോടെ ഇവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു. ഉദാരമതികള്‍ സഹായിക്കും, സഹകരിക്കും എന്ന ശുഭ പ്രതീക്ഷയോടെ.”
വിദ്യാലയത്തിന്റെ പ്രാരംഭച്ചെലവുകള്‍ക്കായി അഞ്ചുലക്ഷം രൂപ വേണ്ടി വരും എന്ന് കണക്കാക്കി. സംഭാവനയ്ക്കായി അഭ്യര്‍ത്ഥിച്ചു. പക്ഷേ പദ്ധതി വെറും സ്വപ്നമായി കലാശിച്ചു. അതും ചരിത്രം. ”വാദിക്കാനും ജയിക്കാനുമായിരുന്നു, അറിയാനും അറിയിക്കാനുമായിരുന്നില്ല” എല്ലാവര്‍ക്കും താല്‍പര്യം. അന്ന് മാത്രമല്ല, ഇന്നും.
നൂറാം വര്‍ഷം വത്തിക്കാനില്‍ നടന്ന സമ്മേളനത്തില്‍ ഫാദര്‍ ഡേവിസ് ചിറമ്മല്‍ പ്രസംഗിച്ചു. ”ഇന്ന് ഐക്യവും സമാധാനവും ഇല്ലാത്തത് മതങ്ങള്‍ തമ്മിലല്ല, മനുഷ്യര്‍ തമ്മിലാണ്. മനുഷ്യര്‍ക്കിടയിലാണ് സ്വാര്‍ത്ഥതയുടെ വിഷലിപ്തമായ സാധ്യതയുള്ളത്. ഐക്യവും സമാധാനവുമാണ് ക്രൈസ്തവ വീക്ഷണം(മാതൃഭൂമി-5-12-24). ഓര്‍ത്തഡോക്സ് പക്ഷക്കാരും യാക്കോബായ സഭക്കാരും ക്രൈസ്തവരാണോ? ഫാദര്‍ ചിറമ്മല്‍ വ്യക്തമാക്കണം. എന്നാല്‍, അദ്ദേഹം പറയില്ല. അപ്പോള്‍, ഫാദര്‍ ചിറമ്മലിന്റെ സഭയോ എന്ന് അവര്‍ വിരല്‍ ചൂണ്ടും. ഇത് തന്നെ മറ്റ് മതക്കാരുടെയും കാര്യം. വാദിക്കുക, തര്‍ക്കിക്കുക-മതത്തിന്റെ പേരില്‍ കലഹിക്കുക; സ്ഥാപനങ്ങള്‍ കൈയടക്കാനായി കോടതി കയറുക. സഭാകേസ് സുപ്രീം കോടതിയിലാണ്. കഴിഞ്ഞ ദിവസം ഉണ്ടായ വിധിയെ ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്തു. സര്‍ക്കാരിനെ വിമര്‍ശിച്ചു. യാക്കോബായക്കാര്‍ കൈയടക്കി വെച്ചിട്ടുള്ള ആറ് പള്ളികള്‍ ഓര്‍ത്തഡോക്സ് പക്ഷക്കാര്‍ക്ക് വിട്ടു നല്‍കണം എന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. 1934-ലെ സഭാഭരണഘടന വീണ്ടും അരക്കിട്ടുറപ്പിക്കുന്ന വിധി എന്ന് ഓര്‍ത്തഡോക്സ് വിഭാഗം തലവന്‍ ഡോക്ടര്‍ യുഹാനോന്‍ മാര്‍ദിയസ് മെത്രാപ്പൊലീത്ത പറഞ്ഞു. മറുപക്ഷം പള്ളികള്‍ വിട്ടുകൊടുക്കുമോ? അതോ, വീണ്ടും കോടതി കയറുമോ? വിപുലമായൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണം എന്ന് ആവശ്യപ്പെടുമോ? കാത്തിരുന്ന് കാണാം.
മതങ്ങള്‍ തമ്മിലല്ല, മനുഷ്യര്‍ തമ്മിലാണ് തര്‍ക്കം എന്ന് ഫാദര്‍ ചിറമ്മല്‍ പറഞ്ഞു. മനുഷ്യരില്ലാതെ മതമുണ്ടോ? മതത്തിന്റെ പേരില്‍ തര്‍ക്കിക്കുന്നത് മനുഷ്യരല്ലേ?
ഇതര മതക്കാരും തര്‍ക്കങ്ങളില്ലാത്തവരല്ല. ഹിന്ദുമതത്തില്‍ ‘അദ്വൈതി’കളും, ‘ദ്വൈതി’കളും ‘വിശിഷ്ടാദ്വൈതി’കളുമുണ്ട്. നെറ്റിയില്‍ കുറിവരയ്ക്കേണ്ടത് ചന്ദനം കൊണ്ടോ, ഭസ്മം കൊണ്ടോ? നേര്‍വരക്കുറിയോ അര്‍ദ്ധചന്ദ്രാകാരക്കുറിയോ വേണ്ടത്? അര്‍ദ്ധ ചന്ദ്രന്റെ അടിയില്‍ ഒരു വാല്‍ വേണമോ? തര്‍ക്കം.
ബുദ്ധമതക്കാരിലും ജൈനമതക്കാരിലും ഉണ്ട് ആചാരാനുഷ്ഠാനങ്ങളെച്ചൊല്ലി തര്‍ക്കവിതര്‍ക്കങ്ങള്‍. ശ്വേതാംബര ജൈനരും ദിഗംബര ജൈനരുമുണ്ട്. അവാന്തര വിഭാ’ഗങ്ങളുമുണ്ട്. ദൈവം ‘കാലരഹിതന്‍’ അഥവാ ‘കാലാതീതന്‍’ ആണോ, ‘രൂപരഹിത’നോ? ‘വാഗ്വാദമല്ല’ ‘വാള്‍വാദ’മാണ് പരസ്പരം. വാളെടുത്തുള്ള തര്‍ക്കം.
ഇസ്ലാംമതത്തിലോ? ‘സുന്നി’കളും ‘ഷിയാ’കളും. പിന്നെയും വിഭാഗങ്ങള്‍. കാലാന്തരത്തില്‍ എഴുപത്തിരണ്ട് വിഭാഗങ്ങളായി പിരിയും എന്ന് അന്ത്യ പ്രവാചാകന്‍ മുഹമ്മദ് നബി പറഞ്ഞിട്ടുണ്ടത്രേ. ഇതില്‍ ഒന്ന് മാത്രമാണ് ശരിയായിട്ടുള്ളത് എന്നും വാദമുണ്ട്. അത് ഏത്? തര്‍ക്കം തന്നെ.
അപ്പോഴാണ് ലോകമതപാര്‍ലിമെന്റ് സമ്മേളനം-”സര്‍വ്വമതസാരശോഭ” വീശുന്നത്.
”ചന്തത്തിനായ് സഭകളില്‍ പറയുന്നു ഞായം” എന്ന് പാടിയ കവിയാണ് ശരി. സഭ ചേര്‍ന്ന് ഞായം പറയുക! എന്തൊരു ചന്തം!