കാസര്‍കോട്: കുപ്രസിദ്ധ ബൈക്ക് കവര്‍ച്ചക്കാരന്‍ ചട്ടഞ്ചാല്‍, തെക്കിലിലെ നവാസ് വീണ്ടും പൊലീസ് പിടിയില്‍. കാഞ്ഞങ്ങാട് നഗരത്തിലെ ഒരു വസ്ത്രാലയത്തിനു സമീപത്തു കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും സംഘവുമാണ് നവാസിനെ കഴിഞ്ഞ ദിവസം പിടികൂടിയത്. ഹൊസ്ദുര്‍ഗ്ഗില്‍ ഇയാള്‍ക്കെതിരെ മറ്റു കേസുകളൊന്നും ഇല്ലാത്തതിനാല്‍ കാസര്‍കോട് പൊലീസിനു കൈമാറി. കാസര്‍കോട്, മേല്‍പ്പറമ്പ് പൊലീസും കര്‍ണ്ണാടക പൊലീസും അന്വേഷിച്ചു വരുന്നതിനിടയിലാണ് നവാസ് കാഞ്ഞങ്ങാട് പിടിയിലായത്. താക്കോല്‍ സഹിതം നിര്‍ത്തിയിടുന്ന ബൈക്കുകളുമായി കടന്നു കളയുന്നതാണ് ഇയാളുടെ രീതി. മോഷ്ടിച്ച വണ്ടിയിലെ പെട്രോള്‍ തീരുന്നതോടെ അവിടെ ഉപേക്ഷിച്ച് മറ്റൊരു വാഹനവുമായി കടന്നുകളയുകയാണ് ഇയാളുടെ സ്ഥിരം പരിപാടിയെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ ഇതിനകം 20 ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.