കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർഥിനി ചൈതന്യ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്ത്. ഹോസ്റ്റൽ വാർഡൻ ചൈതന്യയെ മാനസികമായി തകർക്കുന്ന രീതിയിൽ നിരവധി തവണ പെരുമാറിയിട്ടുണ്ടെന്നും ഇത് മാനേജ്മെന്റിനെ അറിയിച്ചെങ്കിലും നടപടികൾ ഒന്നുമുണ്ടായിട്ടില്ലെന്നുമാണ് സഹപാഠികൾ പറയുന്നത്. പെൺകുട്ടി സുഖമില്ലാതിരിക്കുമ്പോൾ ഭക്ഷണം കൊടുക്കാൻ പോലും വാർഡൻ തയ്യാറായില്ലെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. വെള്ളിയാഴ്ച്ച ചൈതന്യ സുഖമില്ലാതെ ആശുപത്രിയിൽ പോയിരുന്നു. തിരികെ വന്നപ്പോൾ വാർഡൻ ശകാരിച്ചു. സുഖമില്ലാതിരുന്ന ഘട്ടത്തിൽ പോലും ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടർന്നുവെന്നും ഇത് താങ്ങാനാകാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് വിദ്യാർഥിനി താമസിക്കുന്ന ഹോസ്റ്റലിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ രാത്രി തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പെൺകുട്ടിയുടെ നില വെന്റിലേറ്ററിൽ തുടരുകയാണ്. സുഹൃത്തിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ രക്ഷിതാക്കളും നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടന പ്രവർത്തകരും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ആശുപത്രിയുടെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ സംഭവം അറിഞ്ഞെത്തിയ ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി അജിത് കുമാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. വാർഡനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ആരോപണ വിധേയയായ വാർഡനയും ഹൊസ്ദുർഗ് സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു. സംഭവത്തിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. തിങ്കളാഴ്ച ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ആശുപത്രി മാനേജ്മെന്റ് അധികൃതരെ വിളിച്ച് ചർച്ച ചെയ്യാമെന്ന ഉറപ്പിനെ തുടർന്ന് സമരം നിർത്തിവച്ചു.