തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത പാലോടെ ഇന്ദുജയുടെ ഫോണിലേക്ക് വന്ന അവസാന കോള്‍ അജാസിന്റേതാണെന്നും തൊട്ടു പിന്നാലെ ഇന്ദുജ ജീവനൊടുക്കിയെന്നും പൊലീസ്. ആത്മഹത്യയില്‍ ഭര്‍ത്താവിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് ഉടനുണ്ടാകും. ഇന്ദുജയുടെ ആത്മഹത്യക്ക് കാരണം ഇരുവരുടെയും മര്‍ദ്ദനവും മാനസിക പീഡനവുമാണെന്നു പൊലീസ് പറയുന്നു. ഭര്‍ത്താവ് അഭിജിത്തിനെതിരെ ഭര്‍തൃ പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അജാസിനെതിരെ പട്ടികജാതി പീഡനം, മര്‍ദ്ദനം, ആത്മഹത്യ പ്രേരണ വകുപ്പുകളും ചുമത്തി. ഭര്‍ത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായി ഇന്ദുജ കഴിഞ്ഞ ആഴ്ച പിതാവിനേയും സഹോദരനേയും ഫോണില്‍ അറിയിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇന്ദുജയുടെ പിതാവ് ശശിധരന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് നടപടി കടുപ്പിച്ചത്. ഇന്‍ക്വസ്റ്റിനിടയില്‍ ഇന്ദുജയുടെ ശരീരത്തില്‍ രണ്ടോ മൂന്നോ ദിവസം മാത്രം പഴക്കമുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. നെടുമങ്ങാട് തഹസീല്‍ദാറിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടന്നത്. ഇന്ദുജയുടെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ അവര്‍ കണ്ടെത്തി. കണ്ണിന് സമീപവും തോളിലുമാണ് പരിക്കുകള്‍. ഇതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് ഇന്ദുജയുടേയും അഭിജിത്തിന്റെയും സുഹൃത്തായ അജാസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇന്ദുജ മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് അജാസ് ഇന്ദുജയെ മര്‍ദിച്ചെന്ന് അഭിജിത്ത് മൊഴിനല്‍കി. എന്നാല്‍ ഈ ആരോപണം അജാസ് നിഷേധിക്കുകയായിരുന്നു. അജാസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അഭിജിത്തുമായുള്ള ചാറ്റ് പൂര്‍ണമായും നശിപ്പിച്ചതായി കണ്ടെത്തി.
ഇന്ദുജയും അഭിജിത്തും രണ്ട് വര്‍ഷം പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതമായിരുന്നില്ല. നാല് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്ന് അഭിജിത്ത് വിളിച്ചിറക്കി ക്ഷേത്രത്തില്‍ വച്ച് താലി ചാര്‍ത്തുകയായിരുന്നു. ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നാണ് വിവരം. വിവാഹ ശേഷം വീട്ടുകാരുമായി ഇന്ദുജക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. അഭിജിത്തിന്റെ കുടുംബത്തേയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.
