തൃശൂര്‍: പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. ഒല്ലൂര്‍ സിഐ ടി.പി. ഫര്‍ഷാദ്, സിപിഒ വിനീത് എന്നിവര്‍ക്കാണ് കുത്തേറ്റത്. കാപ്പ കേസ് പ്രതിയെ പിടികൂടാന്‍ പോയപ്പോള്‍ ആയിരുന്നു സംഭവം. ഇടതു ഷോള്‍ഡറിനും കൈക്കും പരുക്കേറ്റ സിഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഐയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വിനീതിന് കാലിനാണ് കുത്തേറ്റത്. അഞ്ചേരി സ്വദേശി മാരി എന്ന അനന്തു ആണ് കുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ആയിരുന്നു സംഭവം.നിരവധി കേസുകളില്‍ പ്രതിയാണ് അനന്തു. കള്ള് ഷാപ്പില്‍ വച്ച് അനന്തു ഒരാളെ കുത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പൊലീസ്. ഇതിനിടയില്‍ അഞ്ചേരി അയ്യപ്പന്‍ക്കാവ് ക്ഷേത്രത്തിനു സമീപത്തെ കോഴി ഫാമില്‍ പ്രതിയും സുഹൃത്തുക്കളും ഒളിവിലുണ്ടെന്ന് അറിഞ്ഞ പൊലീസ് സ്ഥലം വളഞ്ഞു. പ്രതിയുടെ അടുത്ത് എത്തിയപ്പോള്‍ സിഐയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാനെത്തിയ സിപിഒയ്ക്കും കുത്തേറ്റു. പിന്നാലെ മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ പൊലീസ് കീഴടക്കി. പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് സിഐ ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന 2 സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
