കാസര്‍കോട്: ദുര്‍മന്ത്രവാദത്തിലൂടെ കാസര്‍കോട് ജില്ലയില്‍ ജീവന്‍ നഷ്ടപ്പെടുന്ന മൂന്നാമത്തെ ആളാണ് പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി. 2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ വീട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. തലേനാള്‍ സ്വര്‍ണ്ണം ഇരട്ടിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് വീട്ടില്‍ ദുര്‍മന്ത്രവാദം നടത്തിയിരുന്നു. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടാകരുതെന്നു ഉപദേശിച്ചതിനാല്‍ മകളെയും ഭാര്യയേയും അബ്ദുല്‍ ഗഫൂര്‍ ബന്ധുവീട്ടിലേക്ക് അയച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് വീട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. മന്ത്രവാദം നടക്കുന്ന കാര്യങ്ങളൊന്നും ഭാര്യയും ബന്ധുക്കളും അറിഞ്ഞിരുന്നില്ല. സ്വാഭാവിക മരണമെന്നു കരുതിയ കേസ് പിന്നീട് നാട്ടുകാരുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും ബന്ധുക്കളുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലയാളികളായ മാങ്ങാട്, കൂളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജിന്നുമ്മ എന്ന കെ.എച്ച് ഷമീമ (34), ഭര്‍ത്താവ് ഉവൈസ് (32), സഹായി പൂച്ചക്കാട്, മുക്കൂട്, ജീലാനി നഗറില്‍ താമസക്കാരിയായ പി.എം അസ്നിഫ (36) സ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ സഹായിച്ച മധൂര്‍, കൊല്യയിലെ ആയിഷ (42) എന്നിവരെ അറസ്റ്റു ചെയ്തത്. പ്രതികളുടെ സഹായത്തോടെ കാസര്‍കോട്ടെ ജ്വല്ലറികളില്‍ നടത്തിയ റെയ്ഡില്‍ 29 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു. ബാക്കി സ്വര്‍ണ്ണം കണ്ടെടുക്കുന്നതിനും കൂടുതല്‍ തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ ജിന്നുമ്മയുടെയും സംഘത്തിന്റെയും പൂര്‍വ്വകാല ചരിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.
ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ഇരട്ടക്കൊല നടന്നത് 1993ല്‍ ആണ്. ബദിയഡുക്ക, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ള, ദേവലോകത്തെ ശ്രീകൃഷ്ണഭട്ട്, ഭാര്യ ശ്രീമതി എന്നിവരാണ് അന്ന് ദാരുണമായി കൊല്ലപ്പെട്ടത്. 1993 ഒക്ടോബര്‍ 9ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ശ്രീകൃഷ്ണഭട്ടിന്റെ മൃതദേഹം വീട്ടിനു സമീപത്തെ കവുങ്ങിന്‍ തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയിലും ശ്രീമതിയുടെ മൃതദേഹം വീട്ടിനകത്തുമാണ് കാണപ്പെട്ടത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനു ഒടുവില്‍ ഇരട്ടക്കൊല നടത്തിയ കര്‍ണ്ണാടക, സാഗര്‍ സ്വദേശിയും ദുര്‍മന്ത്രവാദിയുമായ ഇമാം ഹുസൈനെ 2012 ഏപ്രില്‍ 20ന് തുംകൂര്‍, നിലമംഗലത്തു വച്ച് ക്രൈംബ്രാഞ്ച് എസ്.പി. കെ.വി സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. പ്രതിയെ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിക്കുകയും ചെയ്തു. വലിയ വെല്ലുവിളികള്‍ക്കൊടുവിലാണ് ദൃക്സാക്ഷി പോലും ഇല്ലാത്ത ഇരട്ടക്കൊലക്കേസിനു കേരള പൊലീസ് തുമ്പുണ്ടാക്കിയത്.
ഇപ്പോള്‍ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തിനു പിന്നിലും ദുര്‍മന്ത്രവാദവും സ്വര്‍ണ്ണം കൈക്കലാക്കലുമാണ് കൊലയാളി സംഘത്തിന്റെ ലക്ഷ്യമെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുമ്പോള്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കുകയാണ് പൊലീസ് അധികൃതരും നാട്ടുകാരും.