കാസര്‍കോട്: മാര്‍ബിള്‍ പശ അകത്തു ചെന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മൂന്നുമാസം പ്രായമായ കുഞ്ഞുമരിച്ചു. രാജസ്ഥാന്‍ സ്വദേശിയും ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസക്കാരനുമായ ധരം സിങിന്റെ മകനാണ് മരിച്ചത്. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ വെളളിയാഴ്ച പുലര്‍ച്ചെയാണ് മരണം. വ്യാഴാഴ്ച രാവിലെ മാതാവ് കുളിക്കാന്‍ പോയ സമയത്ത് കുട്ടിയുടെ ജ്യേഷ്ഠനായ രണ്ടര വയസുകാരന്‍ മാര്‍ബിള്‍ പശ എടുത്തു കളിച്ചിരുന്നു. അബദ്ധത്തില്‍ പശ കുഞ്ഞിന്റെ മുഖത്ത് തെറിച്ചുവെന്നാണ് സംശയിക്കുന്നത്. ശ്വാസ തടസം അനുഭവപ്പെട്ട് അവശനിലയിലായ കുഞ്ഞിനെ ഉച്ചയോടെ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.