കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്വര്‍ണ മെഡല്‍ ജേതാവ് അംഗടിമുഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിയാസ് അഹമ്മദിന് ദേശീയ മത്സരത്തിന് മുന്നോടിയായി പരിശീലനം നല്‍കണമെന്ന ആവശ്യം ശക്തമായി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് കര്‍ളയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം ഇക്കാര്യം ജില്ലാ കലക്ടറെ കണ്ട് അറിയിച്ചു. നിയാസ് ദേശീയ തലത്തില്‍ സംസ്ഥാനത്തിന്റെ അഭിമാനമായി മാറാന്‍ സാധ്യതയുള്ളതിനാല്‍, നീലേശ്വരത്തെ ഇ.എം.എസ് സിന്തറ്റിക് ട്രാക്കില്‍ പരിശീലനം നല്‍കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ മൊഗ്രാല്‍, പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പര്‍, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സെക്കീന അബ്ദുല്ല ഗോവ, നിയാസിന്റെ പിതാവ് ഹമീദ് എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.