-പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത്കെയര്‍ സിഇഒ ബ്രയന്‍ തോംസണെ(50)വെടിവെച്ച്‌കൊലപ്പെടുത്തി. ന്യൂയോര്‍ക് പോലീസ് ഡിപ്പാര്‍ട്‌മെന്റ് ക്രൈം സ്റ്റോപ്പേഴ്സ് പ്രതിയുടെ അറസ്റ്റിലേക്കും ശിക്ഷയിലേക്കും നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചു.
ബുധനാഴ്ച രാവിലെ 6.45 ന് ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനിലായിരുന്നു കൊലപാതകം. യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് നടന്നു പോകുകയായിരുന്ന ബ്രയന്‍ തോംസണെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
20 അടി ദൂരെ പുറകില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. ആദ്യം തോക്കില്‍ നിന്നും വെടിയുതിര്‍ന്നില്ലെങ്കിലും പിന്നീട് തോക്കു ശരിയാക്കി വീണ്ടും വെടിവെക്കുകയായിരുന്നു. വെടിയേറ്റ ബ്രയാന്‍ തോംസണെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അക്രമിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സിഇഒയുടെ കൊലപാതകത്തെത്തുടര്‍ന്ന് നിക്ഷേപക സമ്മേളനം റദ്ദാക്കി. ഹോട്ടലിന് മുന്നില്‍ പതുങ്ങി നിന്നാണ് അക്രമി വെടിയുതിര്‍ത്തതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2021 ഏപ്രിലിലാണ് കമ്പനിയുടെ സിഇഒ ആയി ബ്രയാന്‍ തോംസണ്‍ ചുമതലയേറ്റത്.