കാസര്‍കോട്: കര്‍ണ്ണാടക, പുത്തൂരിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ മൂന്നു സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് തുടരുന്നു. കര്‍ണ്ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് റെയ്ഡ്. കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നതായി എന്‍.ഐ.എ സംശയിക്കുന്ന പുത്തൂര്‍, കയ്യൂഡിലെ അബൂബക്കര്‍ സിദ്ദിഖ് എന്നയാളുടെ ഉപ്പിനങ്ങാടിയിലുള്ള ഭാര്യാവീട്ടിലാണ് എന്‍.ഐ.എ ഇന്നു പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാസര്‍കോട്ടെത്തിയ സംഘം കണ്ണൂരിലെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്‍.ഐ.എയുടെ മറ്റൊരു സംഘം കൊച്ചിയിലും റെയ്ഡ് തുടരുന്നുണ്ട്. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടില്ല. മറ്റൊരു സംഘം തമിഴ്‌നാട്ടിലും പരിശോധന നടത്തുന്നതായാണ് സൂചന.
2022ജൂണ്‍ 22ന് രാത്രിയിലാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. കോഴിക്കട അടച്ച് വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ ബൈക്കുകളില്‍ എത്തിയ സംഘം വെട്ടിക്കൊന്നുവെന്നാണ് പൊലീസ് കേസ്. കേസില്‍ നേരിട്ടു ബന്ധമുള്ള പ്രതികളെയെല്ലാം അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തിനു പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് എന്‍.ഐ.എയുടെ വിലയിരുത്തല്‍. കേരളത്തിലും കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും ബന്ധമുള്ള ചില ഉന്നതര്‍ക്കും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ബന്ധമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്.
