കാസര്‍കോട്: ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷമാക്കി ജില്ലയിലേക്ക് അനധികൃതമദ്യമൊഴുകുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന ശക്തമാക്കി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് കളത്തൂരില്‍ നടത്തിയ റെയ്ഡില്‍ 90 ലിറ്റര്‍ മദ്യം പിടികൂടി. രണ്ടുപേരെ അറസ്റ്റുചെയ്തു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെവി മുരളിയും സംഘവും കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 66.06 ലിറ്റര്‍ കര്‍ണാടക മദ്യവും 8.25 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യവും പിടികൂടി. വീട്ടുടമ പി സുരേഷി(60)നെ അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വൈകീട്ട് മൂന്നിന് കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപം നടന്ന വാഹന പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തിയ 15.57ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. യാത്രക്കാരനായ കിദൂര്‍ സ്വദേശി ഹരിപ്രസാദി(19)നെ അറസ്റ്റുചെയ്തു.
സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സികെവി സുരേഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഐബി പ്രിവന്റീവ് ഓഫീസർ ബിജോയ്, പ്രിവന്റീവ് ഓഫീസർ പ്രശാന്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സതീശന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടിവി ധന്യ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
