-പി.പി ചെറിയാന്‍
ഫോര്‍ട്ട് വര്‍ത്ത്: 2021ല്‍ മൂന്ന് പേരെ കൊന്ന് മൃതദേഹങ്ങള്‍ കുപ്പത്തൊട്ടിയില്‍ കത്തിച്ച ജെയ്സണ്‍ അലന്‍ തോണ്‍ബര്‍ഗ് എന്നയാളെ ജൂറി വധശിക്ഷയ്ക്ക് വിധിച്ചു.
ഇരകളുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് തോണ്‍ബര്‍ഗ് അവരെ കൊലപ്പെടുത്തിയതെന്നും പിന്നീട് ദൈവത്തിന്റെ കല്‍പ്പന പ്രകാരം നടത്തിയ ആചാരപരമായ ത്യാഗങ്ങളാണ് കൊലപാതകമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
സാക്ഷിവിസ്താരത്തിന്റെ എട്ടാം ദിവസത്തിലും രണ്ടുമണിക്കൂറോളം വാദപ്രതിവാദം നടന്നു. ഒടുവില്‍ കുറ്റക്കാരനാണെന്ന് വിധിച്ചു. ഭ്രാന്ത് കാരണം കുറ്റക്കാരനല്ലെന്ന് വിധിക്കുന്നതിനുള്ള തോണ്‍ബര്‍ഗിന്റെ അഭിഭാഷകരുടെ അഭ്യര്‍ത്ഥന ജൂറി നിരസിച്ചു.
2021 സെപ്റ്റംബറില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തോണ്‍ബര്‍ഗ് ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയും കഴുത്ത് മുറിച്ചോ കഴുത്ത് ഞെരിച്ചോ കൊലപ്പെടുത്തുകയായിരുന്നു. സെപ്തംബര്‍ 22ന് ഡേവിഡ് ലൂറസ് (42), ലോറന്‍ ഫിലിപ്‌സ് (34), മാരിക്രൂസ് മാത്തിസ് (33) എന്നിവരുടെ മൃതദേഹങ്ങള്‍ ഫോര്‍ട്ട് വര്‍ത്ത് അഗ്‌നിശമന സേനാംഗങ്ങള്‍ കത്തുന്ന കുപ്പത്തൊട്ടിയില്‍ കണ്ടെത്തുകയായിരുന്നു.