ഓട്ട മുക്കാല്‍ കണ്ടവരുണ്ടോ?
ഇല്ല, അല്ലേ?
എന്നാല്‍ 60 വയസ് കഴിഞ്ഞവരോട് ചോദിച്ചു നോക്കൂ.
അവര്‍ പറയും പട്ടിണിക്കാലത്തെ ഓട്ടമുക്കാലിന്റെ കഥ.
1960കളിലൊക്കെ കാസ്, മുക്കാല്‍, അരയണ, ഒരണ, രണ്ടണ, നാലണ, എട്ടണ, എന്നീ നാണയങ്ങള്‍ നിലവിലുണ്ടായിരുന്നു. ഏറ്റവും ചെറിയ നാണയം കാസ് (കാശ്) ആയിരുന്നു.
നാല് കാസിന് ഒരു മുക്കാലും നാല് മുക്കാലിന് ഒരണയും കിട്ടും. നാലണ കാല്‍ ഉറുപ്പിക. എട്ടണ അര ഉറുപ്പിക പതിനാറ് അണ ഒരു ഉറുപ്പിക എന്നാണ് കണക്ക്.
നമുക്ക് ഓട്ടമുക്കാലിനെ അറിയാം. രണ്ടുതരം മുക്കാലുണ്ടായിരുന്നു. ഓട്ടമുക്കാലും ഓട്ടയില്ലാത്ത മുക്കാലും രണ്ടിനും ഒരേ വില തന്നെ. അണ്ടിക്കാലത്ത് ഞങ്ങളെ പോലുള്ള പിള്ളമ്മാര് പൈസ ഉണ്ടാക്കും. കശുവണ്ടി വിറ്റിട്ടാണ് പൈസ സമ്പാദിക്കല്‍. വീട്ടിലെ വല്യമ്മാര് പറയും. ‘ഇതാ കള്ളക്കര്‍ക്കിടകം വരും. പഷ്ണിയായിരിക്കും അപ്പോള്‍. വെല്ലം വാങ്ങിച്ച് ചപ്പിക്കാന്‍ പൈസ സൂക്ഷിക്കണം’. ഓട്ടമുക്കാല്‍ അരക്ക് കെട്ടുന്ന നൂലില്‍ കോര്‍ത്തു വെക്കാന്‍ പറയും. കര്‍ക്കിടം വരാനൊന്നും കാത്തു നില്‍ക്കാതെ അതിന് മുന്നേ പൈസ എന്തെങ്കിലും വാങ്ങിച്ചു തിന്ന് ചെലവാക്കിയിരിക്കും.
അക്കാലത്ത് ചെറിയ നാടന്‍ ചായപ്പീടികയില്‍ ചായ ചെമ്പില്‍ മുക്കാല്‍ ഇടും. വെളളം തിളച്ചു എന്ന സൂചന കിട്ടാനാണ് അങ്ങനെ ചെയ്യുന്നത്. വെള്ളം തിളക്കുമ്പോള്‍ മുക്കാല്‍ പാത്രത്തില്‍ തട്ടി ശബ്ദമുണ്ടാക്കും. അന്നത്തെ മുക്കാല്‍ ചെമ്പ് ലോഹനിര്‍മ്മിതമാണ്.
‘കേശവനൊരു ദോശ തിന്നാന്‍ ആശ കാശിനായി തപ്പി നോക്കി കീശ …’
കേട്ടിട്ടില്ലേ?
കശുവണ്ടിപ്പരിപ്പ് വില്‍ക്കാന്‍ കടലോരത്ത് ചെന്ന അമ്മൂമ്മയോട് വെള്ളക്കാരന്‍ സായിപ്പ് എന്താണിത് എന്ന് ചോദിച്ചുവെന്നും മനസ്സിലാവാത്ത അമ്മുമ്മ കാസിനെട്ട് (കാശിന് എട്ടെണ്ണം) എന്ന് പറഞ്ഞപ്പോള്‍ ഓ… ‘കാഷ്യൂനട്ട്’ എന്ന് പറഞ്ഞുവെന്നും അങ്ങനെയാണ് കശുവണ്ടിയുടെ ഇംഗ്ലീഷ് വാക്ക് കാഷ്യൂനട്ട് ആയതെന്നും ഒരു നാടന്‍ കഥയുണ്ട്.
അങ്ങനെ കാസിനും മുക്കാലിനും ഇനിയും ഒരു പാട് കഥയുണ്ടാവും.