കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആര്‍ ചന്ദ്രശേഖരന്‍ (96) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തിലായിരുന്നു അന്ത്യം. വിദ്യാഭ്യാസ വിദഗ്ധന്‍ കൂടിയായിരുന്ന അദ്ദേഹം എം.ആര്‍.സി എന്ന പേരില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
‘മലയാള നോവല്‍ ഇന്നും ഇന്നലെയും’ എന്ന പുസ്തകത്തിന് 2010ല്‍ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുളള പുരസ്‌കാരം ലഭിച്ചു. വിവര്‍ത്തനത്തിനു എം.എന്‍ സത്യാര്‍ത്ഥി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗമായിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗം, സിണ്ടിക്കേറ്റ് അംഗം, മലയാളം സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കൊടകര നാഷണല്‍ ഹൈസ്‌കൂള്‍, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, പയ്യന്നൂര്‍ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ വിജയകുമാരി, മക്കള്‍: റാംകുമാര്‍, പ്രിയ, മരുമക്കള്‍: ശങ്കര്‍, ധന്യ.
