അടുത്തവര്‍ഷം തുറന്നു കൊടുക്കേണ്ട ആറുവരിപ്പാത തീവ്ര മഴയില്‍ മുങ്ങി: അശാസ്ത്രീയ നിര്‍മ്മാണം ഇനിയെങ്കിലും പുന:പരിശോധിക്കണമെന്നു നാട്ടുകാര്‍

ഉപ്പള: അടുത്തവര്‍ഷം ഗതാഗതത്തിനായി തുറന്നു കൊടുക്കേണ്ടതും മിനുക്ക് പണികള്‍ ഒഴിച്ച് ജോലികള്‍ 80 ശതമാനം പൂര്‍ത്തിയാക്കുകയും ചെയ്ത തലപ്പാടി-ചെങ്കള റീച്ച് ആറുവരിപ്പാത തീവ്ര മഴയില്‍ മുങ്ങിയതോടെ പരിസരവാസികള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി.
ജില്ലയിലെ പലഭാഗങ്ങളിലും ദേശീയപാത ഇന്നലത്തെ തീവ്ര മഴയില്‍ പുഴയായി മാറുന്ന കാഴ്ചയായിരുന്നു കണ്ടത്. പല ഭാഗങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. ഇരുചക്ര വാഹനക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത വിധത്തില്‍ ദേശീയപാതയിലും സര്‍വീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളത്തിന്റെ ഒഴുക്ക് താഴെയുള്ള സര്‍വീസ് റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. ഓവുചാലുകളുടെ പണി പകുതി വഴിയിലായതിനാല്‍ ദേശീയപാതയുടെ സമീപത്തുള്ള വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും വെള്ളം കയറി. വലിയ ദുരിതമാണ് ഒരൊറ്റ മഴയില്‍ തന്നെ ഉണ്ടായിട്ടുള്ളത്. മഞ്ചേശ്വരത്തെ നിരവധി വീടുകളില്‍ വെള്ളം കയറിയത് ആശങ്ക പരത്തി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
നാട്ടുകാര്‍ ആരോപിക്കുന്നത് പോലെ നിര്‍മ്മാണത്തിലെ അശാസ്ത്രിയത ഇന്നലെ ശരിവച്ചു. ദേശീയപാത നിര്‍മ്മാണത്തില്‍ തുടക്കത്തില്‍ തന്നെ ആക്ഷേപം ഉയര്‍ന്നു. മതില്‍ കെട്ടിയുള്ള നിര്‍മ്മാണ രീതി അന്ന് തന്നെ എതിര്‍പ്പുളവാക്കിയിരുന്നു. മതിലുകള്‍ക്ക് പകരം തൂണുകള്‍ സ്ഥാപിച്ചു വേണം നിര്‍മ്മിക്കേണ്ടിയിരുന്നതെന്നാണ്് നാട്ടുകാരുടെ നിലപാട്. എന്നാല്‍ അതു കേള്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തതിന്റെ ദുരിതമാണ് ഇന്ന് ദേശീയപാതയില്‍ അനുഭവിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. വെള്ളം ഒഴുകി പോകേണ്ട ഓവുചാല്‍ നിര്‍മ്മാണത്തിലും പോരായ്മകള്‍ ഉണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ഇതാണ് ദേശീയപാതയുടെ സമീപ പ്രദേശവാസികള്‍ക്ക് ദുരിതമായത്.
അടുത്തവര്‍ഷം ആറുവരിപ്പാത തുറന്നു കൊടുക്കുമെന്നാണ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം. ഇതെങ്ങനെ സാധ്യമാകുമെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നിര്‍മ്മാണം തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ഓരോ വര്‍ഷവും മഴക്കാലത്തെ ദുരിതവും, അശാസ്ത്രീയതയും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. മഴക്കാലത്ത് ഉപയോഗിക്കാനും, മഴയെ പ്രതിരോധിക്കാനും പറ്റാത്ത തരത്തിലാണ് ആറുവരിപ്പാതയുടെ നിര്‍മ്മാണമെന്ന് ആക്ഷേപം നിലവിലുണ്ട്. പൂര്‍ത്തിയായ റോഡ് സംവിധാനത്തില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ഇനിയെന്ത് സംവിധാനമാണ് ഉണ്ടാക്കാന്‍ കഴിയുകയെന്നു നാട്ടുകാര്‍ ആരായുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Manesh

ഡ്രൈനേജ് സംവിധാനം പാടെ പരാജയം, ഇനിയും ചിന്തിച്ച് വേണ്ടത് ചെയ്തില്ലെങ്കിൽ മഴ പെയ്യുമ്പോൾ ബോട്ട് സർവ്വീസ് ആരംഭിക്കുന്നതാവും നല്ലത്

RELATED NEWS
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ തന്ത്രപൂര്‍വ്വം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി; പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടി, ദക്ഷിണകന്നഡ സ്വദേശിയെ തെരയുന്നു

You cannot copy content of this page