-പി പി ചെറിയാന്‍
ഡാളസ്: ഡാളസ്സില്‍ ജനുവരി 26നു ഐ.പി.സി.എന്‍.ടി സ്ഥാപക പ്രസിഡന്റ് എബ്രഹാം തെക്കേമുറി ഹാളില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രവര്‍ത്തന സമാപന സമ്മേളനത്തില്‍ അമേരിക്കയിലെ മികച്ച മധ്യമ പ്രവര്‍ത്തകന്‍, മികച്ച മലയാളി സംഘടനാ പ്രവര്‍ത്തകന്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ എന്നിവരെ ആദരിക്കുന്നു. ചടങ്ങില്‍ സാന്‍ അന്റോണിയ, ഫ്‌ലോറിഡ, ഫിലാഡല്‍ഫിയ പ്രസ് ക്ലബ് പ്രതിനിധികള്‍ പങ്കെടുക്കും.
ഡിസംബര്‍ 1 ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന ഐ.പി.സി.എന്‍.ടി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് സണ്ണിമാളിയേക്കല്‍ ആധ്യക്ഷം വഹിച്ചു.
മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടുന്ന സാമൂഹ്യ പ്രവര്‍ത്തന നിരതരായ ഒട്ടേറെ പേര്‍ അമേരിക്കയിലുണ്ടെന്നു യോഗം ചൂണ്ടിക്കാട്ടി. സാമ്പത്തിക സഹായം ആവശ്യമുള്ളവരെ കൈയയച്ച് സഹായിച്ചവരെയൊക്കെ ആദരിക്കുന്നത് സംഘടനയുടെ കടമ തന്നെയാണെന്നു യോഗം ചൂണ്ടിക്കാട്ടി. കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്ളതിനാല്‍ തങ്ങളുടെ നേട്ടങ്ങള്‍ പങ്കു വയ്ക്കാന്‍ മലയാളികള്‍ മടി കാണിച്ചില്ല എന്നതും മലയാളി സമൂഹത്തിന് അഭിമാനം പകരുന്നതായി പ്രസിഡന്റ് സണ്ണിമാളിയേക്കല്‍ പറഞ്ഞു.
സംഘടനാ ഭാരവാഹികള്‍ക്കും വ്യക്തികള്‍ക്കും മികച്ച വ്യക്തികളെ നോമിനേറ്റ് ചെയ്യാം. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി അംഗീകാരം അര്‍ഹിക്കുന്നവരെ തെരഞ്ഞെടുക്കും. നിര്‍ദ്ദേശങ്ങള്‍ ഇമെയില്‍ വഴി അയക്കാം. ഡിസംബര്‍ 31നു മുമ്പ് ശുപാര്‍ശ ചെയ്യുന്ന മികച്ച വ്യക്തികളെ ആദരിക്കുമെന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ്, ജനറല്‍ സെക്രട്ടറി ബിജിലി ജോര്‍ജ്, ട്രഷറര്‍ ബെന്നി ജോണ്‍ അറിയിച്ചു.