മംഗ്‌ളൂരു: ഞായറാഴ്ച രാത്രി ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവ ഐ.പി.എസ് ഓഫീസര്‍ മരിച്ചു. പ്രൊബേഷണറി ഓഫീസര്‍ ഹര്‍ഷവര്‍ദ്ധന്‍ ഐ.പി.എസ് ആണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൊലേറോയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. 2023 ഐ.പി.എസ് ബാച്ചുകാരനായ ഹര്‍ഷവര്‍ദ്ധന്‍ മൈസൂരുവിലെ പൊലീസ് പരിശീലന കേന്ദ്രത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. തിങ്കളാഴ്ച രാവിലെ ഹാസന്‍ ജില്ലാ എ.എസ്.പി.യായി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു.
ഹാസന്‍ പൊലീസ് ക്യാമ്പില്‍ കോണ്‍സ്റ്റബിളായ മഞ്ചഗൗഡയാണ് ബൊലേറോ ഓടിച്ചിരുന്നത്. കിട്ടാനെ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഓടിക്കൊണ്ടിരുന്ന ബൊലേറയുടെ ടയര്‍ പൊട്ടുകയും നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹര്‍ഷവര്‍ദ്ധനെ ഉടന്‍ ഹാസനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹര്‍ഷവര്‍ദ്ധന്റെ അപകട മരണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു.
