കാസർകോട്: തിങ്കളാഴ്ച ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിൽ മഞ്ചേശ്വരം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഉപ്പള ഗേറ്റിന് സമീപം താമസിക്കുന്ന എം.പി സിദ്ദീഖ്, ഫാറൂഖ് അന്തു ഹാജി, അബു ഹാജി, സക്കറിയ, മോനു അറബി, പക്രുഞ്ഞി തുടങ്ങിയവരുടെ വീട്ടിലാണ് വെള്ളം കയറിയത്. ദേശീയപാതയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് വീടുകളിലേക്ക് എത്തിയത്. ദേശീയപാതയിൽ ഓവുചാൽ നിർമിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് ചെളിവെള്ളം കുത്തിയൊഴുകിയെത്തിയത്. ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കിനും കാരണമായി. ഒഴുകിയെത്തിയ ചെളിവെളളവും മാലിന്യവും വീട്ടുമുറ്റത്തും കിണറിലും കുടിവെള്ള സ്രോതസ്സുകളിലും ഒലിച്ചിറങ്ങിയതിനാൽ കുടിവെള്ളത്തിനും ബുദ്ധിമുട്ടായിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.പൊസോട്ടിലും റോഡരികിലുള്ള വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ പ്രദേശങ്ങൾ റവന്യു അധികൃതർ സന്ദർശിച്ചു. മഞ്ചേശ്വരം ഹൊസങ്കടിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഉപ്പളയിൽ നിന്നെത്തിയ ഫയർഫോഴ്സ് ആൾക്കാരെ സുരക്ഷിതരായി മാറ്റിപ്പാർപ്പിച്ചു. ഇവിടെ 15 ഓളം വീടുകൾ പ്രളയ ഭീഷണിയിലാണ്. രാത്രിയിലും ശക്തമായ മഴ പെയ്യുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
