കുളിക്കുന്നതിനിടെ കുളിമുറിയില്‍ വെച്ചിരുന്ന ഹീറ്റര്‍ പൊട്ടിത്തെറിച്ച് നവവധു മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബുലന്ദ്ശഹര്‍ സ്വദേശിയായ ദാമിനിയാണ് അതിദാരുണമായി മരണപ്പെട്ടത്. ഭര്‍ത്താവ് ദീപക് യാദവിന്റെ വീട്ടിലായിരുന്നു അപകടം.
വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസമാണ് ഈ ദാരുണ സംഭവം ഉണ്ടായത്. രാത്രി കുളിക്കാന്‍ കയറിയിട്ടും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ദാമിനി പുറത്തിറങ്ങിവന്നില്ല. തുടര്‍ന്ന് ഭര്‍ത്താവ് ദീപക് നിരവധി തവണ വിളിച്ചെങ്കിലും ദാമിനിയുടെ പ്രതികരണം വന്നില്ല. പിന്നാലെ ആശങ്കയിലായി ദീപക്കും മാതാപിതാക്കളും ചേര്‍ന്ന് കുളിമുറിയുടെ കതക് തകര്‍ത്ത് ഉള്ളിലേക്ക് കടന്നപ്പോള്‍ ബോധ രഹിതയായി തറയില്‍ കിടക്കുന്ന ദാമിനിയെയാണ് കണ്ടത്. കുളിമുറിയില്‍ ഉണ്ടായിരുന്ന ഹീറ്റര്‍ പൊട്ടിത്തെറിച്ച നിലയിലും ഇവര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദീപക്കിന്റെ കുടുംബവും പൊലീസും ചേര്‍ന്ന് ദാമിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.