പി പി ചെറിയാന്‍
വെസ്റ്റ് പാം ബീച്ച്, ഫ്‌ലോറിഡ: ട്രംപിന്റെ മരുമകന്‍ ജാര്‍ഡ് കുഷ്നറുടെ പിതാവും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായ ചാള്‍സ് കുഷ്നറെ ഫ്രാന്‍സിലെ അംബാസഡറായി നോമിനേറ്റ് ചെയ്യുന്നതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. ചാള്‍സ് കുഷ്നര്‍ മികച്ച ബിസിനസ്സ് നേതാവും മനുഷ്യസ്നേഹിയും ഇടപാടുകാരനുമാണെന്നു ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ കുഷ്നര്‍ കമ്പനിയുടെ സ്ഥാപകനാണ് കുഷ്നര്‍. ട്രംപിന്റെ മൂത്ത മകള്‍ ഇവാങ്കയെ വിവാഹം കഴിച്ച ട്രംപിന്റെ മുന്‍ വൈറ്റ് ഹൗസ് മുതിര്‍ന്ന ഉപദേശകനാണ് ജാര്‍ഡ് കുഷ്നര്‍.
നികുതിവെട്ടിപ്പിനും നിയമവിരുദ്ധ പ്രചാരണ സംഭാവനകള്‍ക്കും വര്‍ഷങ്ങള്‍ക്കുമുമ്പ് കുറ്റസമ്മതം നടത്തിയതിന് ശേഷം 2020 ഡിസംബറിലാണ് കുഷ്നര്‍ക്ക് ട്രംപ് മാപ്പ് നല്‍കിയത്. തന്നെക്കുറിച്ചുള്ള അന്വേഷണത്തില്‍ ചാള്‍സ് കുഷ്നര്‍ ഫെഡറല്‍ അധികാരികളുമായി സഹകരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന്, പ്രതികാരത്തിനും ഭീഷണിപ്പെടുത്തലിനും അദ്ദേഹം പദ്ധതി തയ്യാറാക്കിയതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. കുഷ്നര്‍ തന്റെ അളിയനെ വശീകരിക്കാന്‍ ഒരു വേശ്യയെ വാടകയ്ക്കെടുക്കുകയും തുടര്‍ന്ന് ന്യൂജേഴ്സിയിലെ ഒരു മോട്ടല്‍ മുറിയില്‍ വച്ച് ഏറ്റുമുട്ടല്‍ ഉണ്ടാക്കുകയും അത് ഒളിക്യാമറയില്‍ റെക്കോര്‍ഡ് ചെയ്ത് അളിയന്റെ ഭാര്യയായ തന്റെ സ്വന്തം സഹോദരിക്കു അയച്ചു കൊടുത്തതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
നികുതി വെട്ടിപ്പ്, സാക്ഷികളെ നശിപ്പിക്കല്‍ തുടങ്ങിയ 18 കേസുകളില്‍ കുഷ്നര്‍ ഒടുവില്‍ കുറ്റം സമ്മതിച്ചു. 2005-ല്‍ അദ്ദേഹത്തെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2016 ല്‍ ട്രംപിന്റെ ട്രാന്‍സിഷന്‍ ടീമില്‍ നിന്ന് പുറത്താക്കിയതിന് ജാര്‍ഡ് കുഷ്നറെ ക്രിസ്റ്റി കുറ്റപ്പെടുത്തി, ചാള്‍സ് കുഷ്നറുടെ കുറ്റകൃത്യങ്ങളെ ‘താന്‍ യു.എസ് അറ്റോര്‍ണി ആയിരുന്നപ്പോള്‍ പ്രോസിക്യൂട്ട് ചെയ്ത ഏറ്റവും മ്ലേച്ഛവും വെറുപ്പുളവാക്കുന്നതുമായ കുറ്റകൃത്യങ്ങളിലൊന്നെന്നാണ് ‘ അദ്ദേഹം അഭിപ്രായപ്പെട്ടത്.