കാസര്‍കോട്: ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നടന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങി. ശനിയാഴ്ച രാത്രി വൈകിയും മത്സരങ്ങള്‍ നടന്നു. എട്ടു മത്സരഫലങ്ങള്‍ ബാക്കിനില്‍ക്കെ 925 പോയിന്റുമായി ഹോസ്ദുര്‍ഗ് ഉപജില്ലയാണ് കലാകിരീടം ഉറപ്പിച്ചത്. കാസര്‍കോട് ഉപജില്ലയ്ക്ക് 870 പോയിന്റും ചെറുവത്തൂര്‍ ഉപജില്ലയ്ക്ക് 845 പോയിന്റും ലഭിച്ചു. ബേക്കല്‍ 783, കുമ്പള 771, ചിറ്റാരിക്കാല്‍ 724, മഞ്ച്വേശ്വരം 605 എന്നിങ്ങനെ യാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. കലയുടെ മാമാങ്കം കാണാന്‍ ഒട്ടേറെ പേരാണ് ഉദിനൂരിലേക്ക് ഒഴുകിയെത്തിയത്. സമാപന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായിരുന്നു. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. കലോത്സവത്തിലെ സ്തുത്യര്‍ ഹമായ സേവനത്തിന് പടന്ന പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ഹരിത കര്‍മ്മ സേന, പ്രദീപ് ലൈറ്റ് ആന്‍ഡ് സൗണ്ട് കരിവെള്ളൂര്‍, പാചകത്തിന് നേതൃത്വം നല്‍കിയ എകെ രാജേഷ് പൊതുവാള്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
സ്കൂളുകളിൽ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 200 അധികം പ്രതിഭകളാണ് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ജില്ലാ കലോത്സവത്തിൽ മത്സരിക്കാൻ എത്തിയത്. പതിറ്റാണ്ടുകളായി ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളാണ്. നാടകം അരങ്ങേറിയ കിനാത്തിലെ ഓഡിറ്റോറിയത്തിൽ ആണ് നിറഞ്ഞ സദസ്സ് ഉണ്ടായത്. പ്രധാന വേദിയിൽ ഗോത്ര കലളുടെ മത്സരമാണ് നടന്നത്. ജില്ലയുടെ തനതു കലാരൂപമായ മംഗലം കളിയും അരങ്ങിലെത്തി.