-പി പി ചെറിയാന്‍
ചിക്കാഗോ: ഓക്ക് പാര്‍ക്ക് പൊലീസ് ഡിറ്റക്ടീവ് അലന്‍ റെഡ്ഡിന്‍സ് (40)അക്രമിയുടെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച ബാങ്കില്‍ വച്ചാണ് സായുധ കുറ്റവാളി പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊലപ്പെടുത്തിയത്. 1938ന് ശേഷം ഓക്ക് പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന ആദ്യത്തെ ഓഫീസറാണ് അലന്‍ റെഡ്ഡിന്‍സെന്നു ഓക്ക് പാര്‍ക്ക് പൊലീസ് മേധാവി ഷടോന്യ ജോണ്‍സണ്‍ പറഞ്ഞു.
സംഭവത്തില്‍ കൊടുംക്രിമിനലായ ജെറല്‍ തോമസിനെതിരെ (37) ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിനു കേസെടുത്തതായി പൊലീസ് പറഞ്ഞു.
2019ല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്ന റെഡ്ഡിന്‍സ്, ഒരു ചേസ് ബാങ്ക് ലൊക്കേഷന്‍ വിട്ടുപോകുന്നതായി കണ്ട പ്രതിയെ നേരിട്ട നിരവധി ഉദ്യോഗസ്ഥരില്‍ ഒരാളാണ്. പൊലീസ് പ്രതിയോട് കൈ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അയാള്‍ തോക്ക് എടുത്ത് റെഡ്ഡിന്‍സിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.