കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കലക്ടറേറ്റിലേക്കുള്ള ഗേറ്റ് തള്ളിത്തുറന്നു അകത്തു കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു ഇടയാക്കിയത്. പ്രധാന ഗേറ്റ് കടക്കാനുള്ള ശ്രമം പൊലീസ് ബാരിക്കേഡ് വച്ച് തടസ്സപ്പെടുത്തിയിരുന്നു. ബാരിക്കേഡ് ഇല്ലാത്ത മറ്റൊരു ഗേറ്റില്‍ കൂടി പ്രവര്‍ത്തകര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ഇതിനിടയില്‍ സ്ഥലത്ത് സമരം നടത്തുകയായിരുന്ന എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അമല്‍ ജോയ്, അരുണ്‍ദേവ്, ജംഷീര്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു.