ഉദിനൂർ(കാസർകോട്): ഹോസ്ദുർഗ് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃത ഗാനാലാപനത്തിൽ മൂന്നാം സ്ഥാനം നേടിയപ്പോൾ നവനീത തളർന്നില്ല. ഉദിനൂരിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ അപ്പീലിലൂടെ മത്സരിച്ചു നേടിയത് ഒന്നാം സ്ഥാനവും എ ഗ്രേഡും. അഷ്ടപതിയിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പി നവനീതയും സംഘവും അവതരിപ്പിച്ച സംഘഗാനത്തിനും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ സംഗീതത്തിൽ രണ്ടാം സ്ഥാനമാണ് നേടിയത്. കഴിഞ്ഞവർഷം സംസ്കൃതം ഗാനാലാപനത്തിലും അഷ്ടപതിയിലും സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ 9 വർഷമായി ശാസ്ത്രീയ സംഗീതം പഠിച്ചു വരുന്നുണ്ട്. നീലേശ്വരം കുഞ്ഞാലിൻ കീഴിലെ സുരേഷ് കുമാറിന്റെയും പ്രസന്നയുടെയും മകളാണ്.
