കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകളെ കാണാതായി. ഇവർക്കായി രാത്രി വൈകിയും തെരച്ചിൽ നടത്തി. കണ്ടെത്താൻ രാത്രി വൈകിയും തെർമൽ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണെന്ന് മലയാറ്റൂർ ഡിഎഫ്ഒ ശ്രീനിവാസ് അറിയിച്ചു. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായത്. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു. ബാറ്ററി തീരും, മെബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പർ പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോകാൻ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടുഎന്നും പറഞ്ഞതായി പഞ്ചായത്തംഗം പറഞ്ഞു. പിന്നീട് റേഞ്ച് കിട്ടിയില്ല.പൊലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ. നിലവിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/IMG-20250119-WA0135.jpg)